തിരുവനന്തപുരം: നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ ചന്തയാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇനിയും പരസ്യ പ്രതികരണം തുടര്‍ന്നാല്‍ അത് ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ കര്‍ശന നിര്‍ദേശം.
പാര്‍ട്ടി ഘടകങ്ങളില്‍ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍, തെരുവീഥിയില്‍ അഭിപ്രായം പറയുന്ന സാഹചര്യമുണ്ടാകരുത്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് താന്‍ ഇക്കാര്യം അറിയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ, പത്തനംതിട്ട ഡി.സി.സിക്കെതിരെ വിമര്‍ശനമുന്നയിച്ചും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അടൂര്‍ പ്രകാശ് എം.പി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും അടൂര്‍ പ്രകാശ് പറഞ്ഞു.
ഇതിന് പിന്നാലെ, അടൂര്‍ പ്രകാശിന് മറുപടിയുമായി ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ് രംഗത്തെത്തി. കോന്നിയിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും ഇത്തരമൊരു പരാതി സ്ഥാനാര്‍ഥിക്കില്ലായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ, എറണാകുളം മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞത് സംബന്ധിച്ച് കൊച്ചി കോര്‍പറേഷന്‍ മേയര്‍ക്കെതിരെ ഹൈബി ഈഡന്‍ എം.പി രംഗത്തെത്തിയിരുന്നു.
നേതാക്കള്‍ ഇത്തരത്തില്‍ പരസ്യ പ്രതികരണം തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നിര്‍ദേശം നല്‍കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് നിര്‍ബന്ധിതനായത്.
