ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള 27 അംഗ എം.പി സംഘത്തിന് കശ്മീരിലേക്ക് ‘സ്വകാര്യ സന്ദര്‍ശന’ത്തിന്റെ പേരില്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ എം.പിമാരെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യയിലെ എം.പിമാര്‍ക്ക് അനുമതി നിഷേധിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ലോക്സഭയില്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാറിന്റെ അതിഥികളായാണ് യൂറോപ്യന്‍ എം.പിമാര്‍ യാത്ര ചെയ്യുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ എം.പിമാരെയും രാഷ്ട്രീയ നേതാക്കളെയും വിലക്കുേമ്ബാള് യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍ക്ക് അനുമതി നല്‍കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.
പ്രത്യേക പദവി പിന്‍വലിച്ച് ജമ്മു-കശ്മീര്‍ വിഭജിച്ച ശേഷം അവിടത്തെ സ്ഥിതിഗതികള്‍ പൊതുവെ മെച്ചമാണെന്നും മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും കുഴപ്പങ്ങള്‍ക്കു പിന്നില്‍ പാകിസ്താനുള്ള പങ്ക് എത്രത്തോളമെന്നും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തുന്നത്. ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ യൂറോപ്യന്‍ എം.പിമാര്‍ ബി.ജെ.പിയോട് ആഭിമുഖ്യമുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവര്‍ എത്തിയിരിക്കുന്നത് ഡല്‍ഹിയിലെ യൂറോപ്യന്‍ യൂനിയന്‍ ഓഫിസിന് അറിവില്ലാതെയാണ്. ഏതാനും പേരൊഴികെ, ഫാഷിസ്റ്റ് പാര്‍ട്ടികളില്‍പെട്ട എം.പിമാരാണ് സംഘത്തില്‍ ഭൂരിപക്ഷവും. ഇതില്‍ ആറു ഫ്രഞ്ച് എം.പിമാര്‍ ലീ പെന്നിന്റെ നാഷനല്‍ ഫ്രണ്ടുകാരാണ്. പോളണ്ടില്‍ നിന്നുള്ള ആറുപേരും കടുത്ത വലതുപക്ഷക്കാരും നാലു ബ്രിട്ടീഷ് എം.പിമാര്‍ ബ്രക്സിറ്റ് പാര്‍ട്ടിക്കാരുമാണ്.
