തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന നപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി.
സ്വയരക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പെട്രോളിംഗിനിറങ്ങിയ തണ്ടര്ബോള്ട്ടിന് നേരെ മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി നടത്തിയ വെടിവെപ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ടെന്നും. കേസ് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും. മാത്രമല്ല കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. അട്ടപ്പാടിയില്നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.
മാത്രമല്ല ഏറ്റുമുട്ടലാണ് നടന്നതെങ്കില്‍ തണ്ടര്ബോള്ട്ടിലുള്ളവര്ക്കും എന്തെങ്കിലും പരിക്കുകള്‍ ഉണ്ടാകേണ്ടതാണെന്നും പ്രതിപക്ഷം ഉന്നയിച്ചു.
എന്നാല്‍ മനുഷ്യജീവന് നഷ്ടപ്പെടുന്നത് ദുഖകരമാണെന്നും പക്ഷെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും പൊലീസ് നടപടിയില്‍ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അതിനായി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളെ കൊന്നോടുക്കിയത്തില് പ്രതിപക്ഷത്തുനിന്ന് മാത്രമല്ല ഭരണപക്ഷത്തുള്ള സിപിഐയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുണ്ടായിരുന്നു.
