‘അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞു’ : അമിത്ഷാ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പ്രധാനമന്ത്രി റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തീവ്രവാദ ശക്തികള്‍ക്ക് ഇന്ത്യയിലേക്കെത്താനുള്ള മാര്‍ഗങ്ങളായിരുന്നു അതെന്ന് അമിത്ഷാ പറഞ്ഞു.

ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്നലെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നു. 370 ആം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇന്നലെ അര്‍ധരാത്രിയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്.

കേന്ദഭരണപ്രദേശങ്ങളായതോടെ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലായി. നരേന്ദ്രമോഡിയുടെ വിശ്വസ്തനായ മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍.

പാര്‍ലമെന്റ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗസ്റ്റ് ഏഴിന് അര്‍ദ്ധരാത്രിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പു വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *