വാളയാര്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്‌ച, സെഷന്‍സ് കോടതിയെ വിമര്‍ശിച്ച്‌ ഹെെക്കോടതി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നാണെന്ന് പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. ഹെെക്കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് സെഷന്‍സ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ ഗൗരവസ്വഭാവം സെഷന്‍സ് കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഹാജരായില്ലെന്ന് സെഷന്‍സിന്റെ റിപ്പോര്‍ട്ട്. പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ജാമ്യം നല്‍കിയത്. പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നതുകൊണ്ട് മാത്രം ജാമ്യം നല്‍കിയത് ഉചിതമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2017ലാണ് മധുവിനും പ്രദീപ്കുമാറിനും ജാമ്യം ലഭിച്ചത്. ജാമ്യത്തിനുള്ള അപേക്ഷ നല്‍കി തൊട്ടടുത്ത ദിവസം തന്നെ കോടതി ജാമ്യം നല്‍കുകയായിരുന്നു. ജാമ്യം നല്‍കിയതില്‍ അസ്വാഭാവികത ആരോപിച്ച്‌ പൊലീസാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് സെഷന്‍സ് കോടതിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. വിശദീകരണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്തിട്ടില്ലെന്ന് സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *