വാഷിങ്ടണ്‍: ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നത് അടുത്ത മാസം മുതല്‍ നിര്‍ത്തലാക്കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. ട്വിറ്ററിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ആഗോളതലത്തില്‍ നിര്‍ത്താനുള്ള തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ടെന്ന് സി.ഇ.ഒ പ്രസ്താവനയില്‍ അറിയിച്ചു. ട്വിറ്ററിന്‍െറ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഡെമോക്രാറ്റുകളില്‍ നിന്ന് പ്രശംസ ലഭിക്കുന്ന ഈ തീരുമാനം ഡൊണാള്‍ഡ് ട്രംപിന് വന്‍പാരയാകും. അതേസമയം പുതിയ തീരുമാനത്തിന് പിന്നാലെ ട്വിറ്ററിന്‍റെ ഓഹരികള്‍ 1.9 ശതമാനം ഇടിഞ്ഞു. എന്നാല്‍ നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനം ട്വിറ്ററിന്‍െറ വരുമാനം ഗണ്യമായി കുറക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.
