വാഷിങ്‌ടണ്‍ : ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ തീരപ്രദേശം ഈ നൂറ്റാണ്ടവസാനത്തോടെ കടലെടുക്കുമെന്ന് പഠനം. വേലിയേറ്റം ഉയരുന്ന പരിധിയില്‍ കഴിയുന്ന അഞ്ചുമുതല്‍ 10 ഇരട്ടിവരെ ജനങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടല്‍ ജലനിരപ്പ് ബാധിക്കും. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായ മുംബൈ 2050ഓടെ മുങ്ങിപ്പോയേക്കും. ഹരിതഗൃഹവാതങ്ങളുടെ പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ ഭാവിയില്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ പ്രയാസം തീരദേശ ജനങ്ങള്‍ അനുഭവിക്കേണ്ടിവരും.
അമേരിക്കയിലെ സ്വതന്ത്ര കാലാവസ്ഥാ സംഘടനയായ ക്ലൈമറ്റ് സെന്‍ട്രല്‍ പ്രസിദ്ധീകരിച്ച സ്‌കോട്ട് എ കള്‍പിന്റെയും ബെഞ്ചമിന്‍ എച്ച് സ്‌ട്രോസിന്റെയും പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോക ജനസംഖ്യയുടെ 70 ശതമാനവും ജീവിക്കുന്ന ഇന്ത്യ, ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയാണ് ഉയരുന്ന ജലനിരപ്പ് രൂക്ഷമായി ബാധിക്കുക. നൂറു കോടി ജനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന വേലിയേറ്റ പരിധിയുടെ 10 മീറ്ററിനുള്ളിലാണ് ജീവിക്കുന്നത്. ഇതില്‍ 25 കോടിയും ഒരു മീറ്ററിനുള്ളിലാണ്.
താപനില ഉയരുന്നതുകാരണം ഒരു പതിറ്റാണ്ടിനിടയില്‍ പ്രതിവര്‍ഷം 430 കോടി ടണ്‍ മഞ്ഞാണ് ഇരു ധ്രുവങ്ങളില്‍നിന്നും കടലിലേക്ക് ചേരുന്നത്. 2006 മുതല്‍ വര്‍ഷം നാല് മില്ലിമീറ്റര്‍ തോതിലാണ് കടലിലെ ജലനിരപ്പ് ഉയരുന്നത്. ഹരിതഗൃഹവാതകം പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ അടുത്ത നൂറ്റാണ്ടില്‍ ഇത് 100 ഇരട്ടിയാകുമെന്നാണ് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്ക് പറയുന്നത്.
