‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’; ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പരിപാടി നയിച്ച്‌ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിവരികയായിരുന്ന ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യാ ഗേറ്റില്‍ പ്രിയങ്കാ ഗാന്ധിയും. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.

‘വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം നിര്‍ത്തൂ’ എന്നെഴുതിയ പ്ലക്കാര്‍ഡും പ്രിയങ്ക കയ്യിലേന്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഗേറ്റിനു മുന്‍വശത്ത് കുത്തിയിരുന്ന് സമരം ചെയ്യുകയാണ് പ്രിയങ്ക. നിരവധി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലിസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടത്. അനുമതിയില്ലാതെ ക്യാംപസിനകത്ത് പ്രവേശിക്കുകയും ലൈബ്രറി അടക്കം തല്ലിത്തകര്‍ക്കുകയും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും നടക്കുന്നത്. ഐ.ഐ.ടി അടക്കമുള്ള രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പ്രതിഷേധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു.

കേരളത്തില്‍ അര്‍ധരാത്രിയില്‍ തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഇപ്പോഴും പ്രക്ഷോഭ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *