അപരന്‍മാര്‍ക്ക് അന്യായമായി അംഗീകാരം

മലപ്പുറം: അര്‍ഹതയില്ലാതെ അപരന്‍മാര്‍ക്ക് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ക്ക് പരാതി നല്‍കി. കാഞ്ഞിരത്തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്നെഴുതാന്‍ വരണാധികാരിയായ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആയിഷാബി അനുവാദം നല്‍കിയത്. വരണാധികാരിക്കെതിരെയാണ് സ്ഥാനാര്‍ഥി ഒബ്‌സര്‍വര്‍ക്ക് പരാതി നല്‍കിയത്. വോട്ടര്‍ പട്ടികയിലോ മറ്റേതെങ്കിലും രേഖയിലോ ഇവര്‍ക്ക്‌കെ ടി ജലീല്‍ എന്നൊരു പേരില്ല.
അപരന്‍മാര്‍ക്ക് കെ ടി ജലീല്‍ എന്നാണ് പേരെന്ന് മുസ്ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറും നല്‍കിയ സാക്ഷ്യപത്രം മാത്രം ആധാരമാക്കിയാണ് ബാലറ്റ് പേപ്പറില്‍ ഈ പേര് ചേര്‍ക്കാന്‍ വരണാധികാരി അനുവാദം നല്‍കിയത്. വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് ബാലറ്റ് പേപ്പറില്‍ പേര് ചേര്‍ക്കാന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും തവനൂരിലെ അപരന്‍മാര്‍ നല്‍കിയിട്ടില്ല. കുന്നത്തൊടി അബ്ദുള്‍ ജലീലിന് പൊന്മള പഞ്ചായത്ത് പ്രസിഡന്റും കാഞ്ഞിരത്തൊടിക അബ്ദുള്‍ ജലീലിന് തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലറുമാണ് സാക്ഷ്യപത്രം നല്‍കിയിരിക്കുന്നത്. വിജയം ഉറപ്പായ ഡോ. കെ ടി ജലീലിനെതിരെ എന്തു കുതന്ത്രവും പ്രയോഗിക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമായാണ് അപരന്‍മാരെ നിരത്തുന്നത്. സര്‍ക്കാര്‍ രേഖകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷവും യുഡിഎഫ് ‘ജലീലുമാരെ’ രംഗത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *