തിരൂരങ്ങാടി- ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ അബ്ദുറബിന്റെ പ്രചാരണ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ച് വിഭാഗീയത വളര്‍ത്തി തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വത്തെ പിച്ചി ചീന്തിയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. അതിനോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കില്ല. കേരളത്തിന്റെ മനസ് ബി.ജെ.പിയുടെ അജണ്ടകള്‍ക്കൊപ്പമല്ല. എല്ലാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ അജണ്ടകളെ കേരളം തള്ളി കളഞ്ഞിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും അതുതന്നെയായിരിക്കും ഫലമെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരുടെ നീണ്ട പട കേരളത്തിലുണ്ട്. പ്രധാനമന്ത്രി ഒരാഴ്ച്ചത്തേക്ക് വരാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു. പക്ഷേ അവരുടെ ആശയങ്ങളോട് കേരള ജനതക്ക് യോജിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിനു ജനാധിപത്യ പ്രവര്‍ത്തന ശൈലിയില്ല. അവര്‍ക്ക് കൊലപാതകമാണ് ലക്ഷ്യം. എത്രയെത്ര നേതാക്കളാണ് കൊല കേസില്‍ കുടുങ്ങിയത്. അവരെ ജനങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കേരളത്തില്‍ എത്ര മെഗാ പ്രൊജക്ടുകളാണ് നടപ്പാക്കിയത്. വലിയ പ്രൊജക്ടുകള്‍ക്ക് പുറമേ 245 പാലങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത്. ഒരു ആഴ്ച്ചയില്‍ ഒരു പാലം എന്ന രൂപത്തിലായിരുന്നു പ്രവര്‍ത്തനം. വികസനവും കരുതലും എന്നതായിരുന്നു യു.ഡി.എഫിന്റെ മുദ്രാവാക്യം. രണ്ട് പേരുടെ ഭൂരിപക്ഷവുമായി തുടങ്ങിയ സര്‍ക്കാരിനു ജനങ്ങളുടെ അംഗീകാരമാണ് മുന്നോട്ട് നയിച്ചത്. ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വിജയിച്ചു. ഗവണ്‍മെന്റിന്റെ തുടക്കത്തിലെ ചര്‍ച്ച ഈ സര്‍ക്കാര്‍ എത്രനാള്‍ എന്നായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളും ഇല്ലാതാക്കി സര്‍ക്കാര്‍ കാലാവധി തികച്ചിരിക്കുകയാണ്. ഇതു ജനങ്ങളുടെ അംഗീകാരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി.കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.കെ അബ്ദുറബ്, ഡി.സി.സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്, എം.കെ ബാവ, വി.വി പ്രകാശ്, കെ.കെ നഹ, കെ.പി മുഹമ്മദ് കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി, എന്‍.പി ഹംസക്കോയ, നാസര്‍ കെ തെന്നല, ഹനീഫ പുതുപറമ്പ്, ചെറിയാപ്പു ഹാജി, വി.വി അബു, രത്‌നാകരന്‍, പി.ടി ഹംസ, എന്‍ സലാം, എം മുഹമ്മദ് കുട്ടി മുന്‍ഷി, എ.ടി ഉണ്ണി, ഇഖ്ബാല്‍ കല്ലുങ്ങല്‍, എ.കെ മുസ്തഫ, കടവത്ത് സൈതലവി, യു മുസ്തഫ മാസ്റ്റര്‍, ഒള്ളക്കന്‍ സാദിഖ്, കെ.കെ റസാഖ് ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, കെ.കുഞ്ഞിമരക്കാര്‍, കെ.എം മൊയ്തീന്‍, വി.ടി സുബൈര്‍ തങ്ങല്‍, സി.കെ.എ റസാഖ്, ബഷീര്‍ പൂവഞ്ചേരി, അലി തെക്കേപ്പാട്ട്, വി.പി കോയ ഹാജി പ്രസംഗിച്ചു.
എടവണ്ണപ്പാറയില്‍ കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിമിന്റെ പ്രചാരണ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. അഞ്ച് വര്‍ഷം വികസനവും കരുതലുമായി ഭരണം കാഴ്ചവച്ചതിനാല്‍ ജനങ്ങള്‍ ഇനിയും യുഡിഎഫിനെ ആഗ്രഹിക്കുന്നുവെന്നും എംഎല്‍എ ആയിട്ടുളള കെ.മുഹമ്മദുണ്ണി ഹാജി കൊണ്ടുവന്ന വികസന തുടര്‍ച്ചക്കും എന്തു കൊണ്ടും യോഗ്യനാണണ് ടി.വി.ഇബ്രാഹിമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വികസനത്തിന്റെ നാള്‍വഴികള്‍ കൈ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ട്രഷറര്‍ പി.മോയുട്ടി മൗലവി അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദുണ്ണി ഹാജി എംഎല്‍എ, ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിം ,വി.വി.പ്രകാശ്, എസ്.ടി.യു അഖിലേന്ത്യ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള, മണ്ഡലം യു.ഡി.എഫ് നേതാക്കളായ പി.പി.മൂസ, പി.എ.അബ്ദുള്‍ അലി മാസ്റ്റര്‍, സി.ടി.മുഹമ്മദ്, കെ.വേദവ്യാസന്‍, സി.പി.കുഞ്ഞാന്‍, കെ.എം.എ.റഹ്മാന്‍, പി.എ.ജബാര്‍ ഹാജി, കെ.കെ.ആലിബാപ്പു, അഷ്‌റഫ് മടാന്‍, നസിം പുളിക്കല്‍, പി.കെ.സി.അബ്ദുറഹിമാന്‍, റിയാസ് മുക്കോളി, പി.എ.അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു മഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം. ഉമ്മറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലും മുഖ്യമന്ത്രിയെത്തി. 64 വര്‍ഷം കൊണ്ട് അഞ്ചു മെഡിക്കല്‍ കോളജായിരുന്നു സംസ്ഥാനത്ത് സ്ഥാപിതമായത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 11 മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ തന്റെ സര്‍ക്കാരിനായി. നാടിന്റെ വികസനത്തിനു വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. എല്ലാ അവശ വിഭാഗത്തിനും പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗത്തിനും ആവശ്യമായ കരുതല്‍ നല്‍കിയ സര്‍ക്കാര്‍ 13 ലക്ഷം പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കി. മൂന്നിനും അഞ്ചിനു ഇടയില്‍ പ്രായമുള്ള ബധിര-മൂക കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റ് നടത്തി കേള്‍വി-സംസാര ശേഷി നേടിക്കൊടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍, ഇ. മുഹമ്മദ് കുഞ്ഞി, വി.വി പ്രകാശ് പ്രസംഗിച്ചു. വേങ്ങര, വള്ളിക്കുന്ന്, മലപ്പുറം, എടവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
