തിരുവനന്തപുരം: പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്ന് നിയമസഭ സ്പീക്കര്‍പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനയുടെ ഒരു സ്ഥലത്തും നിയമസഭയ്ക്ക് പ്രമേയം പാസ്സാക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന പാര്‍ലമെന്റിനും സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്. അത് പ്രയോഗിക്കാനുള്ള അനുവാദവും ഭരണഘടന നല്‍കിയിട്ടുണ്ട്. അതുകൊണ്ട്ഭരണഘടനാ വിരുദ്ധമായതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല -സ്പീക്കര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ പതിന്നാലിന്റെയും പതിനഞ്ചിന്റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. ആ ലംഘനം ചൂണ്ടിക്കാണിക്കാനും പൗരാവകാശ പ്രശ്‌നത്തില്‍ ശരിയായതല്ല നിലപാട് എന്ന അഭിപ്രായം സ്വരൂപിക്കാനുമാണ് ശ്രമിച്ചത്. അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനുളള ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാന നിയമസഭയ്ക്കും സംസ്ഥാന സര്‍ക്കാരിനുമുണ്ട്. ആ ബാധ്യത നിര്‍വഹിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തിട്ടുള്ളത്- സ്പീക്കര്‍ പറഞ്ഞു.
ഒരു സഭയുടെ മുകളില്‍ മറ്റൊരു സഭയ്ക്ക് അവകാശലംഘനം കൊണ്ടുവരാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവകാശലംഘനം നിലനില്‍ക്കില്ല. ഒരു സഭയില്‍ സംസാരിക്കുകയും പെരുമാറുകയും പ്രസംഗിക്കുകയും ചെയ്യുന്നതിന് ആ സഭയുടേതായ സംരക്ഷണം ഉണ്ട്. അതിനുമുകളില്‍ വേറെ സഭയില്‍ പോയി അവകാശലംഘനം കൊടുക്കുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഥവാ അങ്ങനെ കൊടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയില്‍ മാത്രമായി ഒതുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേയ അവതരണത്തിന് അനുവാദം നല്‍കിയ സ്പീക്കറും അതിന് അനുബന്ധമായി സംസാരിച്ച പ്രതിപക്ഷ നേതാവും വോട്ട് ചെയ്ത എല്ലാ അംഗങ്ങളും അതില്‍ ഉള്‍പ്പെടുമെന്നും അങ്ങനെ കേരള നിയമ സഭയ്‌ക്കെതിരായി ഒന്നായി അവകാശ ലംഘനം എടുക്കാന്‍ കഴിയുമെങ്കില്‍ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
