പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കുട്ടികൊമ്ബന്‍ ചികിത്സാ പിഴവ് കാരണം തളര്‍ന്ന് വീണെന്നും, എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളര്‍ന്ന് വീഴാന്‍ കാരണമായതെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളി വനം വകുപ്പ്. നാല് വയസ്സുള്ള കുട്ടിയാന പിഞ്ചുവിനെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍. മൂന്നാഴ്ച മുന്‍പാണ് കാലിന്‍റെ നീര്‍ക്കെട്ട് പരിശോധിക്കാന്‍ എക്സറേ ഏടുത്തത്. ഇതിന് ശേഷം ആനക്കുട്ടി എഴുന്നേറ്റു.
കുട്ടിയാനയ്ക്ക് ജന്മനാ ഇടത്തേക്കാലില്‍ ആറു വിരലുണ്ടായിരുന്നു. ഇതിനാല്‍ കാലിന് ബലക്കുറവുള്ളതിനാല്‍ കിടക്കാറുണ്ടായിരുന്നില്ല. ഭാരക്കൂടുതല്‍ കാരണം പിന്‍കാലിന്‍റെ മസിലുകള്‍ ദുര്‍ബലമായി തളര്‍ന്ന് വീണതാണെന്നും യന്ത്ര സഹായമില്ലാതെ ആനയെ എഴുന്നേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വനം വകുപ്പ് ഡോക്ടര്‍ നല്‍കിയ വിശദീകരണം. വനത്തില്‍ ഒറ്റപ്പെട്ടു പോയ പിഞ്ചുവിനെ മൂന്നു വര്‍ഷം മുമ്ബ് വനപാലകരാണ് രക്ഷിച്ചത്.
