പെരുമ്പാവൂരില്‍ നിന്ന് ഏറെ ദുരമില്ല നമ്മുടെ വീട്ടിലേക്ക്

നിമ്മി ജോര്‍ജ്

മലപ്പുറം രാജ്യത്തെ തന്നെ നടുക്കി വീണ്ടുമൊരു ഡല്‍ഹി നിര്‍ഭയ മാതൃകയിലുള്ള അതിക്രൂര കൊലപാതകം പെരുമ്പാവൂരില്‍ ഏഴുദിവസം മുമ്പ് നടന്നു. നിയമവിദ്യാര്‍ഥിനി ജിഷയുടെ മരണം ഈ സംസ്ഥാനത്ത് പൊതു ശ്രദ്ധയിലെത്തിയത് ആറു ദിവസത്തിന് ശേഷമാണെന്നത് പല വീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വീട്ടില്‍ പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്തിട്ട് അതിന്റെ ഗൗരവത്തില്‍ അന്വേഷണം നടത്താന്‍ കഴിയാത്ത പൊലീസ്, ആദ്യം ഇതിനെതിരെ പ്രതികരിക്കാതിരുന്ന അയല്‍വാസികള്‍ ഇവരുടെയെല്ലാം നിലപാടുകള്‍ കേരളത്തിന് നാണക്കേടുയര്‍ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കോലാഹലത്തിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ അരും കൊലപാതകം ശ്രദ്ധ കിട്ടാതെ പോവുമായിരുന്നത് മാധ്യമപ്രവര്‍ത്തകരാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.
ക്രൂരമായ രീതിയിലുള്ള പീഡനങ്ങള്‍ക്കൊടുവിലാണ് ജിഷ കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 20 ഓളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയത്. വലിയ ആയുധമുപയോഗിച്ച് രഹസ്യ ഭാഗം കുത്തിക്കീറിയ നിലയിലായിരുന്നു. ആന്തരാവയവങ്ങള്‍ പുറത്തു വന്നിരുന്നു. തലയ്ക്ക് പിന്നില്‍ കമ്പികൊണ്ടടിച്ച മുറിവും നെഞ്ചിലും കഴുത്തിലും താടിയിലും കത്തികൊണ്ട് മുറിവേല്പ്പിച്ചിട്ടുണ്ടായിരുന്നു. നിര്‍ഭയയ്ക്ക് ബസില്‍ നേരിടേണ്ടിവന്ന കൊടും ക്രൂരതയുടെ ആവര്‍ത്തനമാണിത്. ക്രൂരമായ കൊലപാതകമുണ്ടായി ആദ്യ ദിനങ്ങളില്‍ കൃത്യമായ അന്വേഷണം നടത്താതിരുന്ന പൊലീസ് വീഴ്ച കുറ്റകരമാണ്. കാര്യക്ഷമമായ അന്വേഷണമുണ്ടായിരുന്നെങ്കില്‍ പ്രതിയെ ഒരു പക്ഷേ നേരത്തേ അറസ്റ്റു ചെയ്യാമായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ പൂര്‍ണമായി സംഭവസ്ഥലത്തു നിന്ന് ശേഖരിക്കാനും കഴിയുമായിരുന്നു. പ്രതിക്ക് രക്ഷപെടാനുള്ള സാഹചര്യമൊരുക്കാന്‍ പോലും ഒരു പക്ഷെ ഈ വീഴ്ചയിടയാക്കുമായിരുന്നു. സമൂഹ മാധ്യമങ്ങളിലും പത്രദൃശ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായതോടെ ഇന്നലെയാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായത്. സമീപവാസികളുടെ മൊഴിയും ആറു ദിവസത്തിന് ശേഷമാണ് എടുത്തതെന്നതും അനാസ്ഥയുടെ ഉദാഹരണങ്ങളാണ്. ഒറ്റമുറികുടുംബത്തില്‍ കഴിഞ്ഞിരുന്ന ജിഷയെന്ന ദളിത് പെണ്‍കുട്ടിയും അമ്മയും സമൂഹത്തിലെ ഉന്നതരല്ലാത്തതുകൊണ്ട് തന്നെയാണ് ഈ അനാസ്ഥയുണ്ടായത്. ഏറെ കഷ്ടപ്പെട്ട് നിയമബിരുദമെടുത്ത് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അമ്മയ്ക്ക് ആശ്രയമാവേണ്ടവളുമാണ് അരുംകൊല ചെയ്യപ്പെട്ടത്. ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം മുമ്പും പലതവണ അയല്‍വാസികളില്‍ നിന്നും മറ്റും ഇവര്‍ക്ക് ഭീഷണിയുണ്ടായിട്ടുണ്ടെന്നാണ്. പലതവണ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലും വനിതാ സ്റ്റേഷനിലും പരാതിപ്പെട്ടെങ്കിലും ഉത്തരവാദപ്പെട്ടവര്‍ പരാതി അന്വേഷിക്കാന്‍ തയ്യാറായില്ലെന്നാണ്. ഇത് ഗൗരവതരമാണ്. രണ്ട് സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്ത് സുരക്ഷ ഉറപ്പു വരുത്താന്‍ പൊലീസിനായില്ല.
പൊതു സമൂഹത്തിന്റെ ജാഗ്രതക്കുറവിലേക്കും സംഭവം വിരല്‍ ചൂണ്ടുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കൊലപാതകം നടന്ന സമയത്ത് ഒരാള്‍ ജിഷയുടെ വീട്ടിലേക്ക് പോവുന്നതു കണ്ടെന്നും പിന്നീട് ജിഷ ഉച്ചത്തില്‍ സംസാരിക്കുന്നതും നിലവിളിക്കുന്നതും കേട്ടെന്നും അയല്‍വാസി ഇന്നലെ മൊഴി നല്കിയിരുന്നു. ജീവന് വേണ്ടിയുള്ള ആ നിലവിളി കേട്ടിടത്തേക്ക് ആരെങ്കിലുമെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ജിഷ ജീവനോടെയുണ്ടാവുമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ എന്തുനടന്നാലും തന്നെ ബാധിക്കില്ലെന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക് സമൂഹ മനസാക്ഷി മാറിക്കഴിഞ്ഞു. നിര്‍ഭയയുടെയും ജിഷയുടെയും ജീവന്‍ കൊണ്ടെങ്കിലും ഈ സമീപനം മാറണം. ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ എല്ലാ പരിശ്രമങ്ങളുമുണ്ടാവണം. ആപല്‍ഘട്ടമറിഞ്ഞാലും തുടരുന്ന നിസംഗത മാറണം. നാളെ അതു നമ്മുടെ വീട്ടിലുണ്ടാവുമെന്ന ബോധ്യമുണ്ടാവണം. പൊതു ബോധം ഉയരാന്‍ ഈ സംഭവം ഇടയാക്കണം.
സ്ത്രീ സുരക്ഷക്ക് കോടികള്‍ ചെലവിടുന്ന സംസ്ഥാനത്തിന് എത്ര കോടികള്‍ കൊണ്ടു മൂടിയാലും ഈ നാണക്കേട് മായില്ല. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട ഉത്തരാവാദിത്വമാണിവിടെ പരാജയപ്പെട്ടത്. സ്ത്രീ സുരക്ഷക്ക് നിര്‍ഭയ പദ്ധതി, പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ ഇവയെല്ലാമുള്ളനാട്ടിലാണ് ജിഷ കൊല്ലപ്പെട്ടത്. നിര്‍ഭയക്ക് ശേഷം രൂപീകരിച്ച വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കേണ്ടത് സ്ത്രീ സുരക്ഷക്ക് അത്യാവശ്യമാണ്. കുറ്റക്കാര്‍ക്ക് നല്കുന്ന ശിക്ഷ സ്ത്രീകളെ അക്രമിക്കാനുള്ള വസ്തുവായി കാണുന്നവര്‍ക്കുള്ള താക്കീതാവണം. ഒപ്പം കുറ്റകൃത്യങ്ങളില്‍ പൊലീസ് പുലര്‍ത്തുന്ന കെടുകാര്യസ്ഥത അവസാനിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാറില്‍ നിന്നുണ്ടാവണം. നിര്‍ഭയയും ജിഷയുമല്ല ഇവരെയൊക്കെ ക്രൂരമായി പീഡിപ്പിക്കുന്നവരാണ് ‘നിര്‍ഭയര്‍’ എന്നതാണ് ക്രൂരകുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്കുള്ള ദൂരമില്ല പെരുമ്പാവൂരില്‍ നിന്ന് നമ്മുടെ വീടുകളിലേക്കെന്ന് മനസിലാക്കാന്‍ ഇനിയും വൈകരുത്.

Leave a Reply

Your email address will not be published. Required fields are marked *