കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച് നയിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് അദ്ദേഹം കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ ഗാന്ധി ലോംഗ് മാര്‍ച്ച് നയിച്ചത്.
ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ രംഗത്തെത്തി .
‘ഗാന്ധിഘാതകനായ ഗോഡ്സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്‍റെ വക്താക്കളാണ് .എന്നാല്‍, മോദി അതു തുറന്നു പറയുന്നില്ല . ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് കൊടുത്തത്. അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദി’- രാഹുല്‍ പറഞ്ഞു .
‘രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും മോദി അദാനിക്ക് വില്‍ക്കുകയാണ് . ഇനി റെയില്‍വേ വില്‍ക്കാന്‍ കൂടി പോകുന്നു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി മോദി വിറ്റു തീര്‍ക്കുകയാണ്. പാക്കിസ്ഥാന്‍ പാക്കിസ്ഥാന്‍ എന്ന് ആക്രോശിച്ചാല്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടില്ല. എന്‍ ആര്‍ സി യും സിഎഎയും രാജ്യത്ത് തൊഴില്‍ കൊണ്ടുവരില്ല. ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും’ രാഹുല്‍ കുറ്റപ്പെടുത്തി.
രാവിലെ പത്ത് മണിയോടെയാണ് കല്‍പറ്റ എസ്കെഎംജെ സ്കൂളില്‍ നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ നഗരത്തിലൂടെ കടന്നു പോയ മാര്‍ച്ച് ഒടുവില്‍ കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു
