മാനന്തവാടി: ഇടതുപക്ഷവുമായി സഹകരിച്ചുള്ള സമരം പാടില്ലെന്ന തന്‍റെ നിലപാടിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നിയമസഭയിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു .
ഇന്നലെ നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞാല്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ എന്താണെന്ന് വ്യക്തമാവും. ഇടതുമുന്നണിയുടെ മനുഷ്യമഹാശ്യംഖല കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ കാണാന്‍ പോയെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേന്ദ്രസര്‍ക്കാരിനും സിഎഎയ്ക്കുമെതിരായ പരാമര്‍ശങ്ങള്‍ വായിക്കില്ലെന്നാണ് ഗവര്‍ണര്‍ ആദ്യം പറഞ്ഞിരുന്നത് . എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതിനാല്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടു വായിക്കുന്നുവെന്ന് അവസാന നിമിഷം പറഞ്ഞു . ഇതൊളിച്ചു കളിയാണ്, കള്ളക്കളിയാണ്. ഇരുവരും തമ്മിലുള്ള ധാരണയാണ് ഇതിലൂടെ പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാരിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ കാണിച്ചാണ് മുഖ്യമന്ത്രിയെ വിരട്ടുന്നത്’- മുല്ലപ്പള്ളി ആരോപിച്ചു .
നിയമസഭയില്‍ വരും ദിവസങ്ങളിലെ യുഡിഎഫ് പ്രതിഷേധം ഏതു രീതിയിലാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഗവര്‍ണറെ തടയുക വഴി വലിയൊരു സന്ദേശമാണ് ഞങ്ങള്‍ കൊടുത്തത്. തലേദിവസം പോയി ധാരണയുണ്ടാക്കി തിരിച്ചു വരുന്നതാണ് സിപി എമ്മിന്റെ രീതി . ഇവരുമായി കൈ കോര്‍ക്കുകയോ ഇവര്‍ക്കൊപ്പം സമരം ചെയ്യുകയോ ചെയ്യുന്നത് ശരിയല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
