ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ദേശീയ പൗരത്വ ഭേദഗതി നിയമം മുസ്ലീമുകള്‍ക്ക് എതിരല്ല. നിയമത്തിലൂടെ മുസ്ലിമുകള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നം നേരിടുകയാണെങ്കില്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തിയാകും താനെന്ന് രജനീകാന്ത് വ്യക്തമാക്കി. രാജ്യത്ത് ദേശീയ ജനസംക്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഡിസംബറില്‍ രജനീകാന്ത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാര്‍ഗമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും ഒന്നിച്ച് പോകാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു അന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
