റിയാദ്: സഊദിയിലെ പൗള്‍ട്രി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ കോഴി ഫാമിലാണ് പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഫാന്‍ അടച്ചു പൂട്ടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ലോക മൃഗ സംരക്ഷണ മൃഗസംരക്ഷണ ഓര്‍ഗനൈസേഷനും (ഒ ഐ ഇ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാത്ത പക്ഷികളെ മാത്രം ബാധിക്കുന്ന, ‘എച്ച്-5 എന്‍-8’ ഇനത്തില്‍ പെട്ട പക്ഷിപ്പനിയാണ് പൗള്‍ട്രി ഫാമില്‍ കണ്ടെത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബല്‍ഖൈല്‍ വ്യക്തമാക്കി. നേരത്തെ 2017 ലും ഇതേ ഗാനത്തില്‍ പെട്ട പക്ഷിപ്പനി സഊദിയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ കുറിച്ച് വിവരം ലഭിച്ചയുടന്‍ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി സംഘം ഫാമിലെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും രോഗബാധയുടെ പ്രഭവകേന്ദ്രം നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പക്ഷിപ്പനി ബാധ സംശയിക്കുകയോ ചാകുന്ന പക്ഷികളുടെ തോത് ഉയരുകയോ ചെയ്യുന്ന പക്ഷം അക്കാര്യം ടോള്‍ഫ്രീ നമ്ബറില്‍ ബന്ധപ്പെട്ട് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ ലൈവ്‌സ്റ്റോക്ക് എമര്‍ജന്‍സി സംഘത്തെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ പക്ഷികളെ ഫാമുകളില്‍ പ്രവേശിപ്പിക്കരുതെന്നും രോഗബാധ തടയുന്നതിന് ദേശാടന പക്ഷികളെയും കരയില്‍ ജീവിക്കുന്ന മറ്റു പക്ഷികളെയും വേട്ടയാടി പിടിക്കാനും പാടില്ലെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
