തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. പൂജപ്പുര വിജി ലന്‍സ് ആസ്ഥാനത്ത് മൂന്നു മണിക്കൂറാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ ഉത്തരം നല്‍കാനായില്ല.
ഇബ്രാഹിം കുഞ്ഞിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് വിജിലന്‍സ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറും. പ്രതിചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ചോദ്യം ചെയ്യലുമായി ഇനിയും സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ചെയ്തതെല്ലാം സദുദ്ദേശത്തോടും ഉത്തമബോധ്യത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കിയ ശേഷം ഇത് രണ്ടാമത്തെ ചോദ്യം ചെയ്യലാണ്.
പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ലഭിച്ച ആര്‍ഡിഎസ് കമ്ബനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദേശിച്ചതിലും ഇബ്രാഹിം കു ഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നേരത്തെതന്നെ സെക്രട്ടറിയേറ്റില്‍നിന്നു വിജിലന്‍സ് ശേഖരിച്ചിരുന്നു.
വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്കോ മുന്‍ എംഡി സുമിത് ഗോയല്‍, നിര്‍മാണ കമ്ബനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടെ അടി സ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നടപടിയെന്നാണു വിജിലന്‍സ് പറയുന്നത്.
തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറുടെ അനുമതി കിട്ടിയതോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
