കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തില്‍നിന്നു തിരിച്ചിറക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി.
ഒമാന്‍ എയര്‍ വിമാനത്തില്‍ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണു തിരിച്ചിറക്കിയത്. തൊഴില്‍ വീസയുള്ളവരെ അടക്കമാണ് വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയതെന്നാണു റിപ്പോര്‍ട്ട്. പുതിയ ജോബ് വീസ ലഭിച്ചവര്‍ നിശ്ചിത സമയത്തിന് മുന്‍പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകും.
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നു ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രകള്‍ക്കു പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യയിലും ബഹറിനിലുമാണ് ഇപ്പോള്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിസിറ്റിംഗ് വീസയില്‍ എത്തുന്നവര്‍ക്കും ജോബ് വിസയില്‍ ആദ്യമായി എത്തുന്നവര്‍ക്കുമാണ് നിയന്ത്രണമുള്ളത്.
ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവധിക്കു നാട്ടില്‍ പോയി മടങ്ങിയെത്തുന്നതിന് നിലവില്‍ കാര്യമായ നിയന്ത്രണമില്ലെങ്കിലും വൈറസ് ഭീഷണി തുടര്‍ന്നാല്‍ വൈകാതെ ഇക്കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇക്കാരണത്താല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ബാധിക്കുന്നതും സംസ്ഥാനത്തുനിന്നുള്ളവരെയാണ്.
ബഹറിനില്നിന്നു കേരളത്തിലേക്കു വരുന്നതിനും നിയന്ത്രണമുണ്ട്. ബഹറിനിലെ സ്കൂളുകള്‍ താല്കാലികമായി അടച്ചതുമൂലം നാട്ടിലേക്കു വരാനിരുന്നവര്‍ക്ക് ഇതുമൂലം യാത്ര മുടങ്ങി. കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കാണ് സൗദിഅറേബ്യ ആദ്യം താല്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ വിസിറ്റിംഗ് വീസയില്‍ എത്തുന്നവര്‍ക്കും ജോലി തേടി എത്തുന്നവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇത്തരം യാത്രക്കാരുമായി ചെല്ലുന്ന വിമാനങ്ങള്‍ക്ക് മടക്കയാത്രയ്ക്കു മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. യാത്രക്കാരുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ വിമാനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അനുമതി നല്‍കൂ.
