ഡൽഹി കലാപത്തിൻ്റെ ഇരകളായി കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനു മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സ്കോളർഷിപ്പ് നൽകുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീർ എം പി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡൽഹിയിൽ കൊല്ലപ്പെട്ട മുദസ്സറിൻ്റെ സഹോദരപുത്രൻ അയാൻ മുഖ്യാതിഥിയായി. കൊല്ലപ്പെട്ട മാമുവിനെ നോക്കി പൊട്ടിക്കരയുന്ന ചിത്രം ഡൽഹി കലാപത്തിൻ്റെ കണ്ണീർ നനഞ്ഞ കാഴ്ചയായിരുന്നു. ലോകത്തെ മുഴുവൻ വേദനിപ്പിച്ച ആ പിഞ്ചു ബാലൻ്റെ ചിരിക്കുന്ന മുഖമാണ് ഇന്നലെ കണ്ടത്. എട്ടു പെൺകുട്ടികളുണ്ടായിരുന്ന മുദസിറിന് സ്വന്തം മകനെ പോലെയായിരുന്ന അയാൻ. ഗലികളിലൂടെ തന്നെ കൈ പിടിച്ചു നടത്തിയ പ്രിയപ്പെട്ട മാമുവിൻ്റെ ചേതനയറ്റ ശരീരം കണ്ട് വിതുമ്പിക്കരയുന്ന അയാൻ്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. മുദസിറിൻ്റെ മൂത്ത മകൾ ശിഫ നാസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇളയ മകൾ ഇനായക്ക് കേവലം ഒരു മാസമാണ് പ്രായം. എട്ടു കുട്ടികളുടെയും സ്കോളർഷിപ്പ് തുക ഇന്നലെ കൈമാറി. കലാപത്തിൻ്റെ ഇരയായ മഅറുഫിൻ്റെ മക്കൾ ജിനത്തിനും ,ഫർഹാൻ അലിക്കും സ്കോളർഷിപ്പ് നൽകിയാണ് ഇ റ്റി മുഹമ്മദ് ബഷീർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കലാപത്തിൻ്റെ ഇരകളുടെ ജീവിത പ്രശ്നങ്ങൾ സാധ്യമാകുന്നേടത്തോളം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗെന്ന് ഇ റ്റി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ പദ്ധതി വിശദീകരിച്ചു. കൊല്ലപ്പെട്ട മുഴുവൻ പേരുടെയും വിദ്യാർത്ഥികളായ മക്കൾക്ക് അവരുടെ പേരിൽ തന്നെയാണ് സ്കോളർഷിപ്പ് തുക കൈമാറുക. ഇവരുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനും എല്ലാ സഹായവും പാർട്ടി നൽകുമെന്ന് സി കെ സുബൈർ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ അദ്ധ്യക്ഷത വഹിച്ചു. ഡൽഹി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് മൗലാന നിസാർ അഹമ്മദ്, വൈസ് പ്രസിഡണ്ട് നിസാം മുഹമ്മദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ അഡ്വ: വി കെ ഫൈസൽ ബാബു, ആസിഫ് അൻസാരി, ഡൽഹി കെ എം സി സി പ്രസിഡണ്ട് അഡ്വ: ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലീം, ഷിബു മീരാൻ, അഡ്വ: മർസൂഖ് ബാഫഖി,ഡൽഹി കെ എം സി സി സെക്രട്ടറി സലിൽ ചെമ്പയിൽ എന്നിവർ സംബന്ധിച്ചു.
