സൗദി പൊതുഗതാഗതം ഇന്നുമുതല്‍ ഇല്ല; ഒമാനില്‍ കണ്ണൂര്‍ സ്വദേശിക്ക് രോഗബാധ

ദുബായ്: ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരങ്ങള്‍ നടന്നില്ല. ഉച്ചയ്ക്കുള്ള ളുഹര്‍ പ്രാര്‍ഥന താമസയിടങ്ങളില്‍വെച്ച്‌ നടത്താന്‍ മതകാര്യമന്ത്രാലയങ്ങള്‍ നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. മിക്ക രാജ്യങ്ങളും ആരാധനാലയങ്ങള്‍ പൂട്ടി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഊര്‍ജിതമായി നടക്കുന്നു. ഒമാനില്‍ ഒരു കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ജനസമ്ബര്‍ക്കം കുറയ്ക്കുന്നതിനായി ശനിയാഴ്ചമുതല്‍ സൗദി അറേബ്യയിലെ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തും.

ഒമാനില്‍ വ്യാഴാഴ്ച രാത്രിയാണ് മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അവധികഴിഞ്ഞ് നാട്ടില്‍നിന്ന് കഴിഞ്ഞമാസം തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. ബഹ്റൈനില്‍ കൊറോണ ബാധിച്ച്‌ ചികിത്സയില്‍ക്കഴിയുന്ന കാസര്‍കോട് സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇ.യില്‍ നേരത്തേ ഒരു മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

സൗദിയില്‍ ആഭ്യന്തരവിമാനങ്ങള്‍, ബസുകള്‍, തീവണ്ടി, ടാക്സി എന്നിവയൊന്നും ശനിയാഴ്ച മുതല്‍ സര്‍വീസ് നടത്തില്ല. അവശ്യസേവന ജീവനക്കാര്‍ക്കുള്ള വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം. രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യ പൊതുഗതാഗതം നിര്‍ത്തിെവച്ചത്. മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളും അതത് രാജ്യങ്ങളിലേക്ക് വിദേശികള്‍ കടന്നുവരുന്നത് തടഞ്ഞിട്ടുണ്ട്. മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസര്‍വീസുകളും ഭാഗികമായി നിര്‍ത്തി. ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഞായറാഴ്ചമുതല്‍ നിര്‍ത്തുന്നതായി ഒമാന്‍ എയര്‍ അറിയിച്ചു.

അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യുന്നത് കുവൈത്ത് വിലക്കി. കൂട്ടംകൂടിനില്‍ക്കുന്ന ആളുകളെ പോലീസെത്തി പിരിച്ചുവിടുന്നുണ്ട്. അടുത്തഘട്ടത്തില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.

യു.എ.ഇ. പള്ളികളില്‍ ജുമുഅ പ്രാര്‍ഥന ഇല്ലെന്ന വിവരം അറിയാതെ എത്തിയ ഒട്ടേറെപ്പേര്‍ പള്ളിക്കുപുറത്ത് റോഡില്‍ നിസ്കരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് അവരെ തിരിച്ചയച്ചു.

Leave a Reply

Your email address will not be published. Required fields are marked *