മലപ്പുറം: മാലിന്യ സംസ്‌കരണം, ശുചിത്വം, ശുദ്ധജല ലഭ്യത, കാര്‍ഷിക മേഖല, ആരോഗ്യം, കലകായിക വികസനം തുടങ്ങിയ മേഖലക്ക് പ്രാധാന്യം നല്‍കിയ നഗരസഭയുടെ 202021 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് അവതരിപ്പിച്ചു. കൊവിഡിന്റെ പശ്ചാതലത്തില്‍ സാനിറൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കി മാസ്‌ക് ധരിച്ചാണ് കൗണ്‍സിലര്‍മാര്‍ ബജറ്റ് അവതരണത്തിനെത്തിയത്. സാമൂഹിക അകലം പാലിച്ച് ഇവര്‍ക്ക് ഇരിപ്പിടവുമൊരുക്കിയിരുന്നു. 154.89 കോടി രൂപ വരവും 150.24 കോടി രൂപ ചെലവുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന് 23.98 ലക്ഷവും നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് 25 ലക്ഷവും ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരിച്ച് ജൈവ വളം നിര്‍മിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി, പൂ കൃഷി എന്നിവ നടപ്പാക്കുന്നതിന് 15 ലക്ഷം വകയിരുത്തി. കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി ഒരു കോടിയും കാര്‍ഷിക പുരോഗതി ലക്ഷ്യമാക്കി ചെത്ത്പാലം, വലിയവരമ്പ് ബൈപ്പാസിന്റെ ഇടയില്‍ കല്ലാപ്പാറ ഭാഗത്ത് തടയണ നിര്‍മിക്കുന്നതിന് 30 ലക്ഷവും നീക്കി വെച്ചിട്ടുണ്ട്. കടലുണ്ടി പുഴയില്‍ തടയണ നിര്‍മിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി 16 കോടി നീക്കിവെച്ചു. എല്ലാവര്‍ക്കും സ്വന്തം ഭവനം പദ്ധതിക്കായി വീട് 21 കോടിയും എല്‍ ഇ ഡി വിളക്കുകള്‍ സ്ഥാപിക്കാനായി 40 ലക്ഷവും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്. വാര്‍ഡുകളില്‍ പകര്‍ച്ച വ്യാധി ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനായി രണ്ട് ലക്ഷവും ആയ്യുര്‍വേദ, ഹോമിയോ, താലൂക്ക് ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നതിനായി 14 ലക്ഷവും വകയിരുത്തി. താലൂക്ക് ആശുപത്രിയിലേക്ക് വാഹനം വാങ്ങുന്നതിനും ശുദ്ധജല പ്ലാന്റ് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും കാഷ്വാലിറ്റി നവീകരണത്തിനുമായി 40 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല, പട്ടികജാതി വികസനം, ടൂറിസം, നഗര സൗന്ദര്യവത്കരണം, ആധുനീക അറവ്ശാല, ഷീ സ്‌റ്റേ ഹോസ്റ്റല്‍, ഷെല്‍ട്ടര്‍ ഹോം, മാര്‍ക്കറ്റ് ബില്‍ഡിംഗ്, ടൗണ്‍ഹാള്‍ ആധുനീകവത്കരണം തുടങ്ങിയവക്കും ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ട്. ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ സലീം എന്ന ബാപ്പുട്ടി, മറിയുമ്മ ശരീഫ്, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, കൗണ്‍സിലര്‍ ഹാരിസ് ആമ്യന്‍, വിനോദ്, അഡ്വ. റിനിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
