കു​ടിയേറ്റ തൊഴിലാളികളുടെ പലായനം; സുപ്രീംകോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട്​ തേടി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറില്‍ നിന്ന്​ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി​. ഇത്​ നാളെ തന്നെ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങളോ ഉത്തരവുകളോ നല്‍കാന്‍ കോടതി വിസമ്മതിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്​. കേന്ദ്രസര്‍ക്കാറിന്​ നിര്‍ദേശങ്ങള്‍ നല്‍കി കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച പ്രശ്​നം കൂടുതല്‍ വഷളാക്കാനില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ ജസ്​റ്റിസ്​ എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​​. അഭിഭാഷകരായ അലോക്​ ശ്രീവാസ്​തവ, രശ്​​മി ബന്‍സാല്‍ എന്നിവരാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജി നല്‍കിയത്​. ഡല്‍ഹിയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക്​ ഭക്ഷണവും വെള്ളവും താമസവും ഉറപ്പാക്കണമെന്നായിരുന്നു അലോക്​ ശ്രീവാസ്​തവയുടെ പ്രധാന ആവശ്യം.

ഹരജി പരിഗണിക്കുന്നതിനിടെ കേ​ന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും കു​ടിയേറ്റ തൊഴിലാളികളുടെ പ്രശ്​നം പരിഹരിക്കുന്നതിനും ​ഇവരിലൂടെ വൈറസ്​ ബാധ പടരാതിരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കേസ്​ കോടതി നാളെ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *