കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളുടെ കാലാവധി 31-3-2020ന് അവസാനിക്കും. അതിനാല്‍ ഈ ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ നിലവില്‍ ബാങ്കുകളില്‍ അവര്‍ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 2020 ഏപ്രില്‍ മാസം മുതലുള്ള, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെന്‍ഷന്‍ അവരവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് എ.ടി.എം. വഴി എടുക്കാനുള്ള സൗകര്യം ഒരുക്കാന്‍ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടാനും ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു അറിയിച്ചു.
ലോക്ക്ഡൗണ്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്ബത്തികാടിത്തറയെ പിടിച്ചുലച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ സഹായിക്കേണ്ടത് ജീവനക്കാരുടെ ബാധ്യതയാണ്. അതിനാല്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവന്‍ ജീവനക്കാരും അവരുടെ ഒരു മാസത്തെ ശമ്ബളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്ബിള്‍ റിനവേഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ തുക ഒന്നായോ ആറില്‍ കൂടാത്ത തവണകളായോ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണെന്നും തീരുമാനമായതായി അഡ്വ.എന്‍.വാസു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
