ന്യൂഡല്‍ഹി: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്ബാടുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. വ്യാജപ്രചാരണങ്ങള്‍ തടയണമെന്ന് പറഞ്ഞ സുപ്രീം കോടതി, ഇവര്‍ക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പോയത് പോലുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ ആരും ഇപ്പോള്‍ റോഡുകളില്‍ ഇല്ല. എല്ലാവരെയും അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഈ ഘട്ടത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ ശ്രദ്ധിക്കണമെന്ന തരത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. അതിഥി തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രചെയ്യുന്ന തൊഴിലാളികളില്‍ പത്തില്‍ മൂന്നു പേര്‍ രോഗം പടര്‍ത്താമെന്ന മുന്നറിയിപ്പും സോളിസിറ്റര്‍ ജനറല്‍ നല്‍കി.
