ദീര്‍ഘകാലത്തിന് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്.

കൊറോണവൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. രാഹുലിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് വലിയൊരു ആശ്വാസമാണെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവരെയാണ് കൊറോണ വൈറസ് കാര്യമായി അക്രമിച്ച്‌ ദുര്‍ബലരാക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിരക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ നിര്‍ദേശിച്ചു.

ഫെബ്രുവരി മുതല്‍ കൊറോണയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി സംസാരിക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളും കുടിയേറ്റ തൊഴിലാളികളുടേയടക്കം മുഴുവന്‍ ജനങ്ങളുടേയും താമസവും ഭക്ഷണവും റേഷനും ക്രമീകരിച്ച ശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അത്തരം ക്രമീകരണങ്ങളുടെ പോരായ്മ ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ലോക്ഡൗണ്‍ അടക്കമുള്ള സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ സ്വാഗതം ചെയ്യുന്നുവെന്നും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാജ്യത്തിനൊപ്പം നില്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യോഗത്തില്‍ പങ്കെടുത്തുക്കൊണ്ട് പറഞ്ഞു.

അഭൂതപൂര്‍വമായ ആരോഗ്യ-മാനുഷിക പ്രതിസന്ധികള്‍ക്കിടയിലാണ് നാം ഇന്ന് കണ്ടുമുട്ടുന്നത്. നമ്മുടെ മുമ്ബിലുള്ള വെല്ലുവിളിയുടെ വ്യാപ്തി ഭയാനകമാണ്, എന്നാല്‍ അതിനെ മറികടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം വലുതായിരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാരടക്കം യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *