പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണ്: സാദിഖലി തങ്ങള്‍

മലപ്പുറം: ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തു പോയ പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പ്രവാസികള്‍ നല്‍കുന്ന വിദേശ നാണ്യമാണ് നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ ഈ കാലത്ത് പ്രവാസികളുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
പ്രവാസികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി പ്രത്യേക പദ്ധതികള്‍ തയാറാക്കി അതിവേഗ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ടാല്‍ മാത്രമേ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്താന്‍ സാധിക്കൂ. അത്തരം ഇടപെടലുകളാണ് പ്രവാസികള്‍ ആഗ്രഹിക്കുന്നത്. ഒരൊറ്റ റൂമില്‍ തന്നെ നിരവധി ആളുകള്‍ താമസിക്കേണ്ടി വരികയും 24 മണിക്കൂര്‍ കര്‍ഫ്യൂ കാരണം പുറത്തിറങ്ങാന്‍ നിയമം അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഭയാനകമാണ്. നൂറുക്കണക്കിനു ആളുകള്‍ തിങ്ങി താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും റൂമുകളിലും രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയാല്‍ വലിയ അപകടത്തിനിടയാക്കും. തൊഴിലും ശമ്പളവും ഇല്ലാതെ പ്രയാസപ്പെടുന്നവരുടെ അരികിലേക്ക് ഭക്ഷണവും മരുന്നും കര്‍ഫ്യൂ കാരണം എത്തിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. രോഗവ്യാപ്തി വര്‍ധിച്ചാല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകാതിരിക്കുമോ എന്ന ഭയപ്പാടുമുണ്ട്. ഇത്തരം പ്രയാസങ്ങളാല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ നാട്ടിലേക്ക് വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേകം വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യമാവണം. വിസ കാലാവധി കഴിഞ്ഞവര്‍, ഗതാഗതം നിശ്ചലമായ കാരണത്താല്‍ നാട്ടില്‍ നിന്നും എത്തിക്കേണ്ട മരുന്നുകള്‍ കിട്ടാത്തവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ചില മുന്‍ഗണനകള്‍ അനിവാര്യമാണ്.
ലോക്ക് ഡൗണിനുശേഷം മടങ്ങിവരുന്ന പ്രവാസികളെ വീട്ടിലേക്കയക്കാതെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാഭരണകൂടം സജ്ജീകരിക്കുമെന്നും ഇതര ജില്ല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നമ്മുടെ സഹോദരങ്ങളെ വീട്ടിലേക്കയക്കാതെ പഞ്ചായത്തുകള്‍ ഒരുക്കുന്ന ഐസൊലേഷന്‍ സെന്ററുകളില്‍ താമസിപ്പിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തോട് പ്രവാസികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ മുസ്‌ലിംലീഗിന്റെ  പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവര്‍ത്തകര്‍ സജ്ജമാണ്. നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ സജ്ജീകരിക്കുന്ന മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്‌ലിംലീഗ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും, വാഹനങ്ങളും യാതൊരു ഉപാധിയും കൂടാതെ വിട്ടു നല്‍കാനും മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാനും തയാറാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *