മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനമെന്നത് ജനാധിപത്യ വിരുദ്ധം; ചെന്നിത്തല

സിപിഎം തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

സിപിഎം വളരെ സംഘടിതമായി നടത്തുന്ന ഒരു പ്രവര്‍ത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബര്‍ ഗുണ്ടാസംഘത്തെ തയ്യാറാക്കിവച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രാവിലെ തന്നെ കുളിച്ച്‌ കുറിയും തൊട്ട് സര്‍ക്കാരിനെ വിമര്‍ശിക്കലാണ് പ്രതിക്ഷത്തിന്റെ പ്രവര്‍ത്തനമെന്ന് പരിഹസിച്ച ബിജെപി സംസ്ഥാനധ്യക്ഷന്‍ കെ സുരേന്ദ്രനും ചെന്നിത്തല മറുപടി നല്‍കി. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. കെസുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *