മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂളുകള്‍ക്കും ഹയര്‍ സെക്കണ്‍ന്‍ഡറി സ്‌കൂളുകള്‍ക്കും 3.36 കോടി ചെലവഴിച്ച് ഫര്‍ണിച്ചര്‍ നല്‍കുന്നു. ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നിറമരുതൂര്‍ ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും പഠന സൗകര്യങ്ങള്‍ ഒരേ വിധത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. പദ്ധതി പ്രകാരം 5,351 ജോഡി ബെഞ്ചും ഡസ്‌കുകളും വിവിധ സ്‌കൂളുകളുടെ ആവശ്യകതയനുസരിച്ച് നല്‍കും. 2.63 കോടി ഇതിനായി ചെലവഴിക്കും. സ്‌കൂള്‍ ഓഫീസുകളിലേയ്ക്കും സ്റ്റാഫ് റൂമുകളിലേക്കുമായി മേശ, കസേര, അലമാര തുടങ്ങിയവ നല്‍കുന്നതിനും പദ്ധതി പ്രകാരം 73 ലക്ഷം നീക്കി വെച്ചിട്ടുണ്ട.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണവും നിലവില്‍ സ്‌കൂളിലുള്ള ബെഞ്ച്, ഡസ്‌ക് എന്നിവയുടെ എണ്ണവും ശേഖരിച്ചതിന് ശേഷം ഒരു ബെഞ്ചില്‍ നാല് കുട്ടികള്‍ എന്ന തോതിലാണ് ഫര്‍ണിച്ചര്‍ നല്‍കുക. 2015-16 വാര്‍ഷിക പദ്ധതി പ്രകാരം യഥാ സമയം പൂര്‍ത്തിയാവാന്‍ സാധ്യതയില്ലാത്ത പദ്ധതികള്‍ക്ക് പകരമായി പദ്ധതിയില്‍ ഭേദഗതി വരുത്തിയാണ് സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, വാട്ടര്‍ പ്യൂരി ഫയര്‍, സാനിറ്ററി നാപ്പ്കിന്‍ വെന്‍ഡിങ് മെഷീന്‍, കംപ്യൂട്ടര്‍, ഇന്ററാക്ടീവ് ബോര്‍ഡ് തുടങ്ങിയവ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
