കൊച്ചി: കോട്ടയം മുക്കൂട്ടുതറയില്‍നിന്ന് ബിരുദ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ചില വാര്‍ത്താ ചാനലുകളാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം അയല്‍സംസ്ഥാനത്തുനിന്ന് ജസ്നയെ കണ്ടെത്തിയതായാണ് വിവരം. ജസ്നയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും വിവരങ്ങളുണ്ട്. അതേസമയം, ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ 2018 മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല.
