ദോഹ: കോവിഡ് പ്രതിസന്ധികാരണം നാട്ടിലേക്ക് തിരിച്ചുപോകാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 56,114 പേര്. വിദേശങ്ങളില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ മൂന്നുലക്ഷത്തിലധികം പ്രവാസിമലയാളികളാണ് കേരളത്തിലേക്ക് മടങ്ങാനായി ഇതുവരെ നോര്‍ക്കയില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
ആകെ 3,20,463 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന്‍ നടപടികളാണ് നോര്‍ക്ക തുടരുന്നത്. കേരളത്തില്‍ എത്തുന്നവര്‍ക്ക് ക്വാറന്റീന് സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിങ് മുന്‍ഗണനക്കോ മറ്റോ ബാധകമല്ല.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീന് കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരള സര്‍ക്കാറിന് പ്രവാസികളുടെ വിവരങ്ങള്‍ കിട്ടുന്നത് ഗുണം ചെയ്യും.
www.registernorkaroots.org എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശ്രിത വിസയില്‍ 20,219 പേരും വിദ്യാര്‍ഥികള്‍ 7276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327പേരുമാണ്. നോര്‍ക്ക പബ്ലിക് റിലേഷന്‍ ഓഫിസര്‍ സലിന്‍ മാങ്കുഴിയാണ് വിവരങ്ങള്‍ അറിയിച്ചത്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58,823 പേരുമാണ്. സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 2448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 10,8520 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
രജിസ്റ്റര്‍ ചെയ്തവരില്‍ വിദഗ്ധതൊഴിലാളികള്‍ 49,472 പേരും അവിദഗ്ധ തൊഴിലാളികള്‍ 15923 പേരുമാണ്. ഭരണനിര്‍വഹണ ജോലികള്‍ ചെയ്യുന്ന 10,137 പേര്‍, പ്രഫഷണലുകള്‍ 67,136 പേര്‍, സ്വയം തൊഴില്‍ ചെയ്യുന്ന 24,107 പേര്‍, മറ്റുള്ളവര്‍ 1,53,724 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴില്‍രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകള്‍.
നിലവില്‍ വിദേശങ്ങളില്‍നിന്ന് ഇന്ത്യയിലേക്കോ തിരിച്ചോ വിമാന സര്‍വിസ് ഇല്ല. ഇതിനാല്‍ തന്നെ മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുപേകാനുള്ള വിമാന സര്‍വിസ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നാലും പെട്ടെന്ന് ഉണ്ടാവാനിടയില്ല. സാധാരണ സര്‍വിസ് ആരംഭിക്കുംമുമ്ബ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യം ആളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനാല്‍ തന്നെ രജിസ്ട്രേഷന്‍ മുഖേന ആളുകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നത് ഗുണം ചെയ്യും.
രജിസ്റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സ്ക്രീനിങ് നടത്താന്‍ സജ്ജീകരണം ഒരുക്കാന്‍ കഴിയും. കോവിഡ് അല്ലാത്ത മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയിലും മറ്റും വന്ന് വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍, ലേബര്‍ ക്യാമ്ബില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, പ്രായമായവര്‍, വിസാകാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്റ് വിസയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.
എങ്കിലും സംസ്ഥാന സര്‍ക്കാറാണ് സൗകര്യം ഏര്‍പ്പെടുത്തേണ്ടത് എന്നതിനാല്‍ രജിസ്ട്രേഷന്‍ നടത്തി വിവരങ്ങള്‍ ലഭിക്കുന്നത് കേരളത്തിനും കാര്യങ്ങള്‍ എളുപ്പമാക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ വേഗം മുന്നോട്ട് പോവാന്‍ സര്‍ക്കാറിന് സാധിക്കും.
