ദുബായിയില്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു

ദുബായ്-കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുബായിലെ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വില്‍ക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ നഷ്ടവും വ്യാപാര നഷ്ടവും മൂര്‍ച്ഛിച്ചതാണ് കൈവശമുള്ള സ്വര്‍ണ്ണം വിറ്റ് പണമാക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ദുബായിലെ സ്വര്‍ണക്കടകളില്‍ ഇപ്പോള്‍ വാങ്ങാനെത്തുന്നവരുടേതല്ല, മറിച്ച് വില്‍ക്കാനെത്തുന്നവരുടെ തിരക്കാണ്. വിവിധ ഏഷ്യക്കാര്‍ക്കിടയില്‍ ഈ പ്രവണത കൂടിവരുന്നതായും ഇന്ത്യക്കാരാണ് മുന്‍നിരയിലുള്ളതെന്നും പ്രമുഖ മിഡില്‍ ഈസ്റ്റ് പത്രമായ ഖലീജ്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദുബായില്‍ സ്വര്‍ണവില ഒരു മാസത്തിനിടെ 7.7 ശതമാനം വര്‍ധിച്ചു. ആറുമാസത്തിനിടെ ഉണ്ടായത് 14.7 ശതമാനത്തിന്റെ വര്‍ധനവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 207 ദിര്‍ഹമാണ് ഇപ്പോഴത്തെ വില.
മാസ വരുമാനക്കാരാണ് കയ്യില്‍ സൂക്ഷിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ തീരുമാനിച്ചവരില്‍ ഏറെയും. ശമ്പളം വെട്ടിച്ചുരുക്കിയതായുള്ള നോട്ടീസ് ഏറെ പേര്‍ക്കും ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും വാഹന ലോണോ, ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളോ ഉള്ളവരാണ്. ഉയര്‍ന്ന ഫ്‌ളാറ്റ് വാടക,കുട്ടികളുടെ സ്‌കൂള്‍ ഫീസ് തുടങ്ങി ഭാരിച്ച ചെലവുകള്‍ക്ക് എങ്ങിനെ പണം കണ്ടെത്തുമെന്നറിയാതെ വലയുകയാണ് വിദേശികള്‍. കോവിഡ് വ്യാപനം വരുംനാളുകളില്‍ അധികമാകുകയാണെങ്കില്‍ നാട്ടില്‍ പോകുന്നത് അടക്കമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സ്വര്‍ണ്ണം വില്‍ക്കുന്നവരുമുണ്ട്.സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിറ്റ് പണമാക്കിയാല്‍ കോവിഡ് പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ സഹായകമാകുമെന്ന് കരുതുന്നവരാണ് ഏറെ പേരും.

Leave a Reply

Your email address will not be published. Required fields are marked *