പോലീസിനെ വെട്ടിച്ച്‌ ബൈക്ക് മോഷ്ടാക്കള്‍ പുഴയില്‍ ചാടി; നീന്തി കയറിയത് പോലീസ് സംഘത്തിന് മുന്നിലേക്ക്; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച്‌ പോലീസും നാട്ടുകാരും

കോഴിക്കോട്: മുക്കത്ത് ബൈക്ക് മോഷ്ടാക്കള്‍ പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനായി ഇരുവഞ്ഞിപ്പുഴയിലേക്ക് ചാടിയെങ്കിലും നീന്തി കയറിയത് പോലീസിന് മുന്നിലേക്ക്. കഴിഞ്ഞദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പിടിയിലായത്. ഇവര്‍ അന്തര്‍ ജില്ലാ ബൈക്ക് മോഷ്ടാക്കളാണെന്ന് മുക്കം പോലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു ജില്ലയുടെ അകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മുക്കം ചേന്നമംഗല്ലൂരില്‍നിന്നു മോഷണം പോയെന്ന് പരാതി ലഭിച്ച സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഒരു പ്രതിയുടെ കല്ലുരുട്ടിയിലുള്ള വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. ഈ ബൈക്ക് മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇതുകൂടാതെ വയനാട്ടില്‍നിന്ന് മറ്റൊരു സ്‌കൂട്ടറും താമരശ്ശേരി പുതുപ്പാടിയില്‍നിന്ന് ഒരു പള്‍സര്‍ ബൈക്കും മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ക്ക് വ്യാജനമ്ബര്‍ ഘടിപ്പിച്ചു ഉപയോഗിക്കലായിരുന്നു പ്രതികളുടെ രീതി.

അതേസമയം, പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നും ഇവര്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതു വീട്ടുകാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും മുക്കം പോലീസ് പറഞ്ഞു. മുക്കത്തും പരിസരങ്ങളിലും മോഷണം പോയ ബൈക്കുകളുടെ പട്ടിക തയാറാക്കി അതില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കുകയാണ് പോലീസ്. പിടിച്ചെടുത്ത ബൈക്കുകളുടെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്നു മുക്കം ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കറങ്ങി നടക്കുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസിന്റെ മുന്നില്‍പെട്ടത്. പോലീസിനെ കണ്ട് ഭയന്ന മട്ടില്‍ ഇരുവരും കടന്നുകളയാന്‍ ശ്രമിച്ചത് പോലീസില്‍ സംശയമുണ്ടാക്കി. മുക്കം പാലത്തിന് അപ്പുറത്തായി നടക്കുന്ന മറ്റൊരു പരിശോധനയും ശ്രദ്ധയില്‍പ്പെട്ടതോടെ വണ്ടി തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറകെയെത്തിയ എസ്‌ഐയുടെ വാഹനം ഇവര്‍ക്ക് കുറുകെയിട്ടതോടെയാണ് പ്രതികള്‍ ഇരുവഞ്ഞിപ്പുഴയില്‍ ചാടിയത്. എന്നാല്‍ നീന്തി കരയ്‌ക്കെത്തുമ്ബോഴേക്കും അവിടെ കാത്തിരുന്ന മറ്റൊരു പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്.

മുക്കം ഇന്‍സ്‌പെക്ടര്‍ ബികെ സിജുവിന്റെ നേതൃത്വത്തില്‍ മുക്കം എസ്‌ഐ ഷാജിദ് കെ, എസ്‌ഐ ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, സുഭാഷ്, നാസര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *