റിയാദില്‍ നിന്നുളള 152 അംഗസംഘത്തില്‍ 84 ഘര്‍ഭിണികളും 22 കുട്ടികളും

കോഴിക്കോട്: റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റിയാദില്‍ നിന്നുള്ള 152 പേരടങ്ങുന്ന സംഘമാണ് രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് റിയാദില്‍ നിന്ന് വിമാനം കോഴിക്കോട് എത്തിയത്.

148 മുതിര്‍ന്നവരും നാല് കൂട്ടികളുമാണ് വിമാനത്തിലുള്ളത്. 45 പുരുഷന്മാരും, 103, സ്ത്രീകളുമാണ് വിമാനത്തില്‍ എത്തിയത്. ഇവരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. അഞ്ച് പേര്‍ അടിയന്തര ചികിത്സയ്‌ക്കെത്തുന്നവരുമാണ്. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്ത വിമാനത്തില്‍ എത്തിയത്.

വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടു ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുന്നവര്‍, എന്നീ യാത്രക്കാരും വിമാനത്തിലുണ്ട്. യാത്രക്കാരുടെ വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും. തുടര്‍ന്ന് മുംബയിലേയ്ക്ക് യാത്രക്കാരില്ലാതെ വിമാനം മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *