ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി. ലഖ്‌നോവിലെ പ്രത്യേക സി.ബി.ഐ കോടതിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിട്ടുള്ളത്.
ഒന്‍പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജൂലായില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ ജഡ്ജി സുപ്രിംകോടതിയ്ക്ക് കത്തയച്ചതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടുന്നത്.
വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സുപ്രിം കോടതി സിബിഐ കോടതിയോട് ആവശ്യപ്പെടുകയും സമയപരിധി ലംഘിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ത്തന്നത്. കേസില്‍ വിചാരണ തുടങ്ങിയത് 2010ലും. പത്തു വര്‍ഷത്തിനു ശേഷമാണ് വിചാരണാ നടപടികള്‍ ഏകദേശം പൂര്‍ത്തിയായത്.
