ഹൃദയം മാത്രമല്ല, വൃക്കകളും കണ്ണുകളും, ലാലി ടീച്ചര്‍ ഇനിയും ജീവിക്കും, കുറിപ്പുമായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലാലി ടീച്ചറുടെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങിയപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷമാണ്. ലോക്ഡൗണ്‍ കാലത്തും ഏവര്‍ക്കും ഉദാഹരണമാവുകയാണ് കേരളം. മസ്തിഷ്‌ക മരണം സംഭവിച്ച ലാലി ഗോപകുമാറിന്റെ ഹൃദയമായിരുന്നു തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചത്. ഹൃദയം കൂടാതെ വൃക്കകളും കണ്ണും ദാനം ചെയ്തിരുന്നു. തീരാ വേദനയിലും മാതൃകാപരമായ തീരുമാനം എടുത്ത കുടുംബത്തെ പ്രശംസിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം;

ചെമ്ബഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച്‌ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്. ഈ ദു:ഖത്തിന്റെ ഘട്ടത്തില്‍ നല്ലൊരു തീരുമാനമെടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.

ലാലി ഗോപകുമാറിന്റെ മകള്‍ ദേവിക ഗോപകുമാറിനെ ഫോണില്‍ വിളിച്ച്‌ സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. അനേകം കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന ടീച്ചറായ ലാലി ഗോപകുമാര്‍ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണ്.

ലോക് ഡൗണ്‍ കാലത്ത് അഞ്ചാമത്തെ അവയവദാന പ്രകൃയയാണ് നടന്നത്. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാര്‍ (54), തൃശൂര്‍ സ്വദേശി സി.കെ. മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുണ്‍ വര്‍ഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഈ 5 അവയവദാന പ്രകൃയയിലൂടെ 25 പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. ലോക് ഡൗണ്‍ കാലത്ത് അവയവദാനത്തിന് നേതൃത്വം നല്‍കിയ മൃതസഞ്ജീവനി ടീമിന് അഭിനന്ദനം.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ലോക് ഡൗണായതിനാല്‍ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ഇടപെടലുകളെ തുടര്‍ന്നാണ് അവയവദാന വിന്യാസം നടന്നത്. ഹൃദയം എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര കൂടിയായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങി പല സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നല്‍കിയത്.

പൗണ്ട്കടവ് ഗവ. എച്ച്‌.ഡബ്ല്യു. എല്‍.പി.എസ്. സ്‌കൂളിലെ അധ്യാപികയാണ് ലാലി ഗോപകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലാലിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. മേയ് എട്ടാം തീയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. ‘അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങള്‍ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവര്‍ക്കൊരു സഹായമായാണ് അവയവദാനത്തിന് തയ്യാറായത്’ എന്നാണ് മകള്‍ ദേവിക ഗോപകുമാര്‍ പറയുന്നത്.

ലാലി ഗോപകുമാറിന്റെ ഭര്‍ത്താവ് ഗോപകുമാര്‍ ബിസിനസ് നടത്തുന്നു. മൂന്ന് മക്കള്‍. ഗോപിക ഗോപകുമാര്‍ ഗള്‍ഫില്‍ നഴ്‌സാണ്. ദേവിക ഗോപകുമാര്‍ ബി.എച്ച്‌.എം.എസ്. വിദ്യര്‍ത്ഥി. ഗോപീഷ് ബി.ടെക് വിദ്യാര്‍ത്ഥി. മരുമകന്‍ ശരത് ബാബു.

Leave a Reply

Your email address will not be published. Required fields are marked *