തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം ഷാപ്പില്‍ വച്ച് കഴിക്കാനോ വിതരണത്തിനോ അനുവാദമുണ്ടാകില്ല.
ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുകുടിക്കാനെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പില്‍ സാനിട്ടൈസറും ഉറപ്പാക്കണം. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടേയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കുമെന്നും എക്സൈസ് കമ്മിഷണര്‍ വ്യക്തമാക്കുന്നു. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷമായിരുന്നു കള്ള് ഷാപ്പുകളുടെ ലേലം നടന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായിരുന്നു സംസ്ഥാനത്ത് കള്ള്ഷാപ്പ് ലേലം.
