തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ മാര്‍ഗ രേഖയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ നിയന്ത്രണം വേണം.
കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാവൂ. ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കാവൂ. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറന്റീനിലാക്കാന്‍ അനുമതി വേണം. ആഭ്യന്തര വിമാനസര്‍വീസുകള്‍ നിയന്ത്രിതമായി തുടങ്ങാം. പ്രവാസികള്‍ വിമാനങ്ങളില്‍ കയറുംമുന്‍പ് കോവിഡ് ആന്റിബോഡി ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നും കേരളം അഭിപ്രായപ്പെട്ടു. ഇതു ചെയ്തില്ലെങ്കില്‍ ധാരാളം യാത്രക്കാര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളില്‍ കേരളത്തില്‍ വന്ന അഞ്ചുപേര്‍ക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയ ശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം. ഇളവുകള്‍ വരുമ്ബോള്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകും. അതിനാല്‍ യാത്രക്കാരെ കൊണ്ടു പോകുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണം. അന്തര്‍-സംസ്ഥാന യാത്രകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണം. ഇളവുകള്‍ നല്‍കുന്നത് ക്രമേണയായിരിക്കണം.
പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് (പ്രോട്ടോകോള്‍) വിധേയമായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാവുന്നതാണ്. എന്നാല്‍, കണ്ടെയ്ന്‍മെന്‍റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണം. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. വിമാനത്താവളങ്ങളില്‍ വൈദ്യപരിശോധന ഉണ്ടാകണം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെര്‍മിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എവിടെയാണോ ആള്‍ ഉള്ളത് ആ ജില്ലയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെര്‍മിറ്റ് നല്‍കണം. ആ രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കില്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചതു പോലെ, ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിപ്പോയവര്‍ക്ക് തിരിച്ചു വരാനും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രജിസ്ട്രേഷന്‍ പ്രകാരം ഈ ട്രെയിനുകളില്‍ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാല്‍, സംസ്ഥാനത്തിന്‍റെ രജിസ്ട്രേഷന്‍ പരിഗണിക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.
മുംബൈ, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്‍റെ രജിസ്ട്രേഷന്‍ പരിഗണിച്ച് ടിക്കറ്റ് നല്‍കണം. ഇത്തരം സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകള്‍ അനുവദിക്കാവൂ. റെയില്‍, റോഡ്, ആകാശം ഇവയിലൂടെയുള്ള യാത്ര അനുവദിക്കുമ്ബോള്‍ കര്‍ക്കശമായ മുന്‍കരുതലോടെയും നിയന്ത്രണങ്ങളോടെയും ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ വരുന്ന ചെറിയ അശ്രദ്ധപോലും വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോവിഡ് കാലത്ത് ലോക്ക്ഡൗണിന്‍റെ ഭാഗമായും അല്ലാതെയും സാമ്ബത്തികപ്രയാസം അനുഭവിക്കുന്നവര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതിനെക്കുറിച്ച് നേരത്തേ വീഡിയോ കോണ്‍ഫറന്‍സുകളില്‍ കേരളം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അത്തരം നടപടികള്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ ഏറ്റവും പ്രസക്തമാണ്. വരുമാനത്തിലെ നഷ്ടവും ചെലവിലെ വന്‍ വര്‍ധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയര്‍ത്തിയും കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കിയുമാണ് ഇതിനെ മറികടക്കാന്‍ കഴിയുക. 2020-21ല്‍ കേന്ദ്ര ഗവണ്‍മെന്‍റ് 12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തില്‍ കൂടുതല്‍ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാണ് എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള സഹായ പദ്ധതികള്‍ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകള്‍ നിലനിര്‍ത്താന്‍ വ്യവസായമേഖലകള്‍ക്ക് പിന്തുണ നല്‍കണം. ഭക്ഷ്യഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.
