കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം ഉടനെന്ന് പൊലീസ്. ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു. പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി ശരണ്യയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയത്. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മൂന്നുമാസം ആകുമ്ബോഴാണ് കേസില്‍ പൊലീസ് കുറ്റപത്രം നല്‍കുന്നത്.
ശരണ്യയെ ചോദ്യം ചെയ്യുന്നതിനിടെ 17 തവണ കാമുകന്‍ നിധിന്‍ ഫോണ്‍ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തില്‍ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ അംശമുണ്ടായിരുന്നുവെന്നാണ് ഫോറന്‍സിക് പരിശോധന ഫലം. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്‍റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്‍റെ ഫോണ്‍ വിളികള്‍ എന്നിവ കേസില്‍ വഴിത്തിരിവായി.
കൃത്യത്തിന്‍റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
