പറ്റ്‌ന: ബീഹാറിലെ പറ്റ്‌നയില്‍ ബി.ജെ.പി യോഗത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവേഷ്‌കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനിലാണ്. രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍ക്കും രോഗബാധയുണ്ട്.
കഴിഞ്ഞ ദിവസം പറ്റ്‌നയില്‍ നടന്ന പാര്‍ട്ടിയോഗത്തില്‍ കോവിഡ് ബാധിതരായിരുന്ന രണ്ടു പേര്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത്.
കോവിഡ് ബാധയെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി പാര്‍ട്ടി വക്താവ് നിഖില്‍ ആനന്ദ് അറിയിച്ചു.
