ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ ഡാം നിര്‍മാണം തുടങ്ങി

ഇസ്്‌ലാമാബാദ്- ഇന്ത്യയുടെ എതിര്‍പ്പുകളെ വകവെക്കാതെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ഡാം നിര്‍മാണം ആരംഭിച്ചു. പാക്ക് അധീന കശ്്മീരിലെ ഡയാമര്‍ പാഷാ ഡാമിന്റെ നിര്‍മാണമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തത്. പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ ഇന്ത്യന്‍ ഭൂപ്രദേശത്ത് ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.
പാക്കിസ്ഥാനില്‍ നിര്‍മിക്കപ്പെടുന്ന മൂന്നാമത്തെ വലിയ ഡാമാണിതെന്ന് പാക്ക് അധീനകശ്്മീരിലെ ചില്ലാസില്‍ നടന്ന ചടങ്ങില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. 4500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പദ്ധതി 2028 ലാണ് നിര്‍മാണം പൂര്‍ത്തിയാകുക. 16000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള കമ്പനിയായ ചൈന പവര്‍ ആണ് പദ്ധതിക്ക് വേണ്ടി പാക്കിസ്ഥാനുമായി 442 ബില്യണ്‍ ഡോളറിന്റെ കരാറിലെത്തിയത്. പാക്ക് സൈന്യത്തിന് വേണ്ടി രാജ്യാതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ കമ്പനിയാണ് നടത്തി വരുന്നത്.
ഇന്ത്യയുടെ ഭൂപ്രദേശത്താണ് പാകിസ്ഥാന്‍ ഡാം നിര്‍മാണത്തിന് ഒരുങ്ങുന്നതെന്നും ഇക്കാര്യത്തിലുള്ള എതിര്‍പ്പ് പാക്കിസ്ഥാനെയും ചൈനയെയും അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *