കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രപതി

ന്യുദില്ലി: മഹാമാരിയുടെ ദുരിതങ്ങളില്‍ ഉഴലുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തും ഭരണസംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തിയും കോവിഡ് വ്യാപനകാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ മാതൃകാപ്രവര്‍ത്തനങ്ങള്‍. രാജ്യത്ത് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയില്‍ നിന്ന് ദിവസേന 150 പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു. രാഷ്ട്രപതി ഭവന് അടുത്തുള്ള ഗുര്‍രുദ്വാര രക്കബ് ഗഞ്ചിലെ നിര്‍ധനരായവര്‍ക്കാണ് ദിവസങ്ങളോളം ഭക്ഷണം പാകം ചെയ്ത് കൊടുത്തയച്ചിരുന്നത്. പിന്നീട് ഈ ഭക്ഷണ വിതരണം പ്രദേശത്തെ ഗുരുദ്വാരക്ക് കീഴിലുള്ള കമ്യൂണിറ്റി കിച്ചണ്‍ മുഖേനയാക്കി മാറ്റി.
രാഷ്ട്രപതിയുടെ ശമ്പളത്തിന്റെ മുപ്പത് ശതമാനമാണ് എല്ലാ മാസവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.
രാജ്യത്തിന്റെ പ്രഥമപൗര സവിതാ കോവിന്ദും കോവിഡ് മഹാമാരിക്കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സ്വന്തം തുന്നല്‍ മെഷീനില്‍ തുണികൊണ്ടുള്ള മാസ്‌കുകള്‍ നിര്‍മിച്ച് അവര്‍ രാജ്യത്തിന് ആരോഗ്യസുരക്ഷയെ കുറിച്ചുള്ള വലിയ സന്ദേശമാണ് നല്‍കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രപതി സംസ്ഥാന ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സുകള്‍ വഴി അദ്ദേഹം ഗവര്‍ണര്‍മാരെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *