ദേശീയപാത: കോവിഡിനിടയില്‍ കൂടിക്കാഴ്ച ആശങ്കയോടെ സ്ഥലമുടമകള്‍

മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലിന് കോവിഡ് വ്യാപനത്തിനിടയിലും കൂടിക്കാഴ്ച നടത്താനുള്ള അധികൃതരുടെ തീരുമാനം സ്ഥലമുടമകളെയും കുടുംബങ്ങളെയും കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത അതോരിറ്റിയുടെ പുതിയ വിജ്ഞാപനപ്രകാരം ആഗസ്റ്റ് മൂന്നു മുതല്‍ 24 വരെയാണ് തിരൂരങ്ങാടി താലൂക്കില്‍ കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുകയും താലൂക്കിലെ മിക്ക പ്രദേശങ്ങളിലും യാത്രകള്‍ തന്നെ ബുദ്ധിമുട്ടിലായിരിക്കുകയും ചെയ്യുന്നതിനിടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ പോകേണ്ടി വരുമെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. വൃദ്ധരായവര്‍ വരെ ഭൂമിയുടെ രേഖകളുമായി കൂടിക്കാഴ്ചക്ക് പോകേണ്ടി വരും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനാവാതിരുന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിനിടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി റവന്യു അധികൃതരും പോലീസും മുന്നോട്ടു പോകുന്നത് ഏറെ നാളുകളായി തിരൂരങ്ങാടി താലൂക്കില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറി സ്ഥലം അളക്കുന്നത് തടയാന്‍ നാട്ടുകാര്‍ ശ്രമിക്കുകയും സംഘര്‍ങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ദേശീയപാത അതോരിറ്റി നടപടികള്‍ വേഗത്തിലാക്കുന്നതിനായി ത്രീജി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇതു പ്രകാരം സ്ഥലമുടമകള്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്കെത്തേണ്ടതും രേഖകള്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്.
കൊവിഡ് സമൂഹ വ്യാപന ദുരന്തം നടക്കുന്ന ഈ സമയത്ത് എല്ലാവിധ കൂടിക്കാഴ്ചയും ഒത്തുചേരലും വിലക്കുന്ന സര്‍ക്കാര്‍ തന്നെ ദേശീയപാത ഇരകളുടെ ജീവന് പുല്ലുവില കല്‍പിച്ചാണ് ഇരകളെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുന്നതെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സ്ഥലമുടമകള്‍ ആവശ്യപ്പെടുന്ന പക്ഷം കോവിഡ് കാലം കഴിയുന്നതുവരെ എല്ലാ കൂടിക്കാഴ്ചയും മാറ്റിവെക്കാവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റവന്യു വകുപ്പ് നടപടികളുമായി മുന്നോട്ടു പോകുന്നത് പ്രായമവരും രോഗബാധിതരുമായ ആളുകള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനാകാത്ത സ്ഥിതിയുണ്ടാക്കും.കൊവിഡ് കാലം കഴിയുന്നതുവരെ തീയതി മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ കുഞ്ഞാലന്‍ ഹാജിയും ജില്ലാ കണ്‍വീനര്‍ നൗഷാദ് വെന്നിയൂരും അറിയിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ തിരൂരങ്ങാടി മേഖലയില്‍ കുടുംബങ്ങള്‍ വീടുകളില്‍ ത്രീജി വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *