മലപ്പുറം-കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിത്യരോഗികള്‍ക്ക് ആശ്വാസമായി റിയാദ് മലപ്പുറം കൂട്ടായ്മ (റിമാല്‍) വാര്‍ഷിക സാന്ത്വന പരിപാടിയുടെ ഭാഗമായി 2020 വര്‍ഷത്തിലെ സഹായ ധന വിതരണം പൂര്‍ത്തിയാക്കി. മലപ്പുറം മുനിസിപ്പാലിറ്റിയിലെയും ആനക്കയം, കുറുവ, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, പാങ്ങ്, പൂക്കോട്ടുര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളിലെയും റിയാദിലുള്ള പ്രവാസികളുടെ കൂട്ടായമയാണ് റിമാല്‍. മലപ്പുറം പട്ടണത്തിലും പരിസരത്തിലുമുള്ള 220 നിത്യരോഗികള്‍ക്കായി മൊത്തം ഒമ്പത് ലക്ഷം രൂപയാണ് വിതരണം നടത്തിയത്. ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍, ക്യാന്‍സര്‍, പക്ഷാഘാത രോഗികള്‍ എന്നിവര്‍ക്കാണ് സഹായം എത്തിച്ചത്.
റിയാദിലെ മലപ്പുറത്തുകാരായ സാധാരണ പ്രവാസികള്‍ നല്‍കുന്ന തുകകള്‍ സമാഹരിച്ചാണ് റിമാല്‍ സാന്ത്വന പരിപാടിക്ക് ഫണ്ട് കണ്ടെത്തുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഓരോ രോഗിയെയും റിമാല്‍ പ്രവര്‍ത്തകര്‍ നേരിട്ട് സന്ദര്‍ഷിച്ച് സമാശ്വസിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യുകയാണ് റിമാല്‍ സാന്ത്വന യജ്ഞത്തിന്റെ പ്രവര്‍ത്തന രീതി.
ഈ വര്‍ഷം ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നു വന്ന രോഗ വ്യാപനവും സൃഷ്ടിച്ച തൊഴില്‍-വരുമാന പ്രശ്നങ്ങള്‍ സഹായദാതാക്കളായ പ്രവാസികളെ തന്നെ ബാധിച്ച സാഹചര്യം സാന്ത്വന പദ്ധതിയുടെ നടത്തിപ്പിന് വെല്ലു വിളിയായിരുന്നു എന്ന് റിമാല്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇതേ സാഹചര്യങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ ചെലവുകള്‍ക്കും അതിജീവനത്തിനും കൂടുതല്‍ ഞെരുക്കങ്ങള്‍ അനുഭവിക്കും എന്നു മനസ്സിലാക്കിയ പ്രവാസികളായ റിമാല്‍ അംഗങ്ങള്‍ തങ്ങളുടെ പ്രതികൂല സാഹചര്യങ്ങളെ വിലവെക്കാതെ മുന്‍കാലങ്ങളിലെ പോലെതന്നെ സഹായങ്ങളുമായി മുന്നോട്ട് വന്നത് അനുഗ്രഹമായി തീര്‍ന്നു.
സഹായധനം വിതരണം സാമുഹിക അകലം മറ്റു വ്യവസ്ഥകളും പാലിച്ചുകൊണ്ട് തന്നെ നടപ്പിലാക്കാന്‍ റിമാല്‍ മലപ്പുറം കോഡിനേഷന്‍ യൂണിറ്റിന് സാധിച്ചു.
