പത്തനംതിട്ട: 30 വര്‍ഷത്തിലേറെ നീണ്ട മുന്നണി ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ടു. നിയമസഭയില്‍ ഒറ്റയ്ക്ക് നില്ക്കാന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. രാഷ്ട്രീയ കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി രണ്ടു ദിവസങ്ങളിലായി ചരല്‍കുന്നില്‍ നടന്ന നേതൃക്യാമ്പിനൊടുവിലാണ് മാണിയും കൂട്ടരും സുപ്രധാന തീരുമാനത്തിലെത്തിയത്. ക്യാമ്പിനിടെ നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയെ, മുന്നണി വിടാനുള്ള തീരുമാനം മാണി അറിയിക്കുകയും പാര്‍ട്ടി ഒന്നാക ആ നിര്‍ദേശം അംഗീകരിക്കുകയുമായിരുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലെ സ്ഥിതി തുടരാനും യുപിഎയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്കുന്ന നിലപാട് സ്വീകരിക്കുമെന്നും തീരുമാനം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും, പാര്‍ട്ടിയേയും ലീഡറെയും അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരെന്നും മാണി തുറന്നടിച്ചു
നേരത്തെ, കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ക്യാമ്പില്‍ ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ കാലുവാരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും പാലായില്‍ മാണിയെ തോല്പിക്കാനുള്ള നീക്കം നടന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എം.എം.ജേക്കബാണ് പാലായില്‍ മാണിയെ തോല്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി.സി.ജോര്‍ജിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ സാമ്പത്തിക സഹായമുണ്ടായെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം ജോര്‍ജിനതിരെ മറ്റു വിമര്‍ശനങ്ങളോ പരാമര്‍ശങ്ങളോ ക്യാമ്പില്‍ ഉണ്ടായിരുന്നില്ല
പാലാ, പൂഞ്ഞാര്‍, എന്നീ മണ്ഡലങ്ങള്‍ക്കു പുറമേ ഏറ്റുമാനൂര്‍, തിരുവല്ല തുടങ്ങിയ മണ്ഡലങ്ങളിലും കാലുവാരല്‍ നടന്നെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവല്ലയില്‍ പി.ജെ. കുര്യന് അടക്കമുള്ള നേതാക്കള്‍ ജോസഫ്. എം. പുതുശേരിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ടായി. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കേണ്ടെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നിരുന്നു. തൃശൂര്‍,ഇടുക്കി,എറണാകുളം ജില്ലാക്കമ്മിറ്റികളാണ്് അഭിപ്രായം വ്യക്തമാക്കിയത്. സമദൂര നിലപാടിന്റെ പ്രായോഗികതയെക്കുറിച്ചും ക്യാമ്പില്‍ സംശയമുയര്‍ന്നു. ഇടുക്കി ജില്ലാകമ്മിറ്റിയാണ് സമദൂരത്തിന്റെ പ്രായോഗികത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
