മലപ്പുറം: പ്രകൃതി സംഹാരതാണ്ഡവമാടിയ കവളപ്പാറ ദുരന്തത്തിനു ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനു രാത്രി ഏഴരയോടെയാണ് പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലെ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. കുന്നിന്‍ താഴ്‌വരയില്‍ താമിസക്കാരായിരുന്ന പട്ടികവര്‍ഗ കോളനിയടക്കമുള്ള നാല്‍പ്പതോളം കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ഒരു നിമിഷംകൊണ്ടു ഇല്ലതായത്. ദുരന്തത്തില്‍ 59 പേരാണ് മരിച്ചത്. 19 ദിവസത്തെ ദുഷ്‌കരമായ രക്ഷാദൗത്യത്തില്‍ നാല്‍പ്പത്തിയെട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. പതിനൊന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാത്ത വേദനയോടെയാണ് രക്ഷാസേന ദുരന്തഭൂമിയില്‍ നിന്നു പിന്‍വാങ്ങിയത്. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു തെരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍, അവരെയും മരിച്ചവരായി കണ്ടെത്തി അവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. 59 പേര്‍ മരിച്ചതില്‍ 35 പേര്‍ക്ക് ഒരു മാസത്തിനകം തന്നെ നഷ്ടപരിഹാരമായ നാലു ലക്ഷം രൂപ വീതം നല്‍കി. തുടര്‍ന്നുള്ള മാസങ്ങളില്‍ ബാക്കിയുള്ള കുടുംബങ്ങള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കൈമാറി. എന്നാല്‍ അവകാശികളെ കൃത്യമായി കണ്ടെത്താന്‍ കഴിയാതിരുതിനാല്‍ മൂന്നു പേരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശത്തിനു ശേഷം യഥാര്‍ഥ അവകാശികളെ തീര്‍പ്പാക്കുകയും പണം കൈമാറാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രളയപുനരധിവാസ പദ്ധതി പൂര്‍ത്തിയായി വരികയാണ്. കവളപ്പാറ ദുരന്തത്തില്‍ ഭൂമിയും വീടും നഷ്ടമായ 67 കുടുംബങ്ങള്‍ക്കു സ്ഥലം വാങ്ങാന്‍ ആറു ലക്ഷം വീതം 4.02 കോടിയും 94 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാന്‍ നാലു ലക്ഷം എന്ന തോതില്‍ 3.76 കോടിയും അനുവദിച്ച് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 36 പേര്‍ സ്വന്തമായി സ്ഥലം കണ്ടത്തെിയിട്ടുണ്ട്. പോത്തുകല്‍ ടൗണിലെ ഓഡിറ്റോറിയത്തില്‍ കഴിയുന്ന കവളപ്പാറ പട്ടികവര്‍ഗ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനും വീടിനുമുള്ള നടപടികളുമായി. ഇവര്‍ക്കു ഭൂമിയും വീടിനുമായി പത്തു ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നല്‍കും. അനുയോജ്യമായ സ്ഥലം ഉപ്പട ആനക്കല്ലില്‍ കണ്ടെത്തിയിട്ടുമുണ്ട്. നിലവില്‍ ഇവര്‍ വസിക്കുന്ന ഓഡിറ്റോറിയത്തിന് 35,000 രൂപയാണ് സര്‍ക്കാര്‍ പ്രതിമാസം വാടകയിനത്തില്‍ ചെലവഴിക്കുന്നത്. ഇതിനു പുറമെ ബയോഗ്യാസ് സംവിധാനത്തിലുള്ള ശുചിമുറി സൗകര്യത്തിനു മാസംതോറും 36,000 രൂപയും നല്‍കുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ആര്‍ക്കും ഇതുവരെ സര്‍ക്കാര്‍ പൂര്‍ണമായും വീട് നിര്‍മിച്ചു നല്‍കിയിട്ടില്ല. എന്നാല്‍, വീട് നിര്‍മിക്കുന്നതിനുള്ള മുന്‍കൂര്‍ തുക 95,100 രൂപ ഭൂരിഭാഗം ആളുകള്‍ക്കും നേരത്തെ കൈമാറിയിട്ടുണ്ട്. ഇവര്‍ക്ക് ഇഷ്ടമുള്ള പ്രദേശത്ത് ഭൂമി വാങ്ങി വീടുനിര്‍മിക്കാം. ഒരാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ജ്യോതി ലബോറട്ടറീസ് നിര്‍മിച്ചു നല്‍കിയ വീടുകളില്‍ 12 കുടുംബങ്ങള്‍ താമസം മാറിയിട്ടുണ്ട്. കവളപ്പാറയില്‍ 36 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. എന്നാല്‍, മുത്തപ്പന്‍കുന്നിലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം വാസയോഗ്യമല്ലെന്ന ജിയോളജി വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നൂറോളം വീടുകള്‍ കൂടി ആവശ്യമുണ്ട്. ഇതില്‍ 33 വീടുകള്‍ വ്യവസായി എം.എ. യൂസഫലിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത ഏതാനും വീടുകളുടെ നിര്‍മാണവും പോത്തുകല്ലിലും സമീപ പഞ്ചായത്തുകളിലുമായി നടക്കുന്നു.
ദുരന്ത ദിനം എത്തുമ്പോള്‍ മേഖലയില്‍ കനത്ത മഴ പെയ്തിറങ്ങുകയാണ്. ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുമെന്ന പ്രതയാശയിലാണ് ജനങ്ങള്‍. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നടുക്കുന്ന ഓര്‍മ്മകളുമായി മുത്തപ്പന്‍കുന്ന് ജനമനസുകളില്‍ തങ്ങി നില്‍ക്കുകയാണ്.
