കോഴിക്കോട്: കരിപ്പൂരില്‍ ലാന്റിംഗിനിടെ റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴെക്ക് പതിച്ച വിമാനത്തിന്റെ ബ്ലാക്‌സ്‌ബോക്‌സ് കണ്ടെത്തി. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടത്തിലേക്ക് വഴിവെച്ച കാരണങ്ങളെ കുറിച്ച് ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
വിമാനത്തിന്റെ സര്‍വ്വീസുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും ഉള്‍കൊള്ളുന്നത് ബ്ലാക്‌ബോക്‌സിലാണ്. വിമാനാപകടങ്ങള്‍ നടന്ന ഉടനെ ബ്ലാക്‌സ്‌ബോക്‌സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഇന്ന് രാവിലെ തന്നെ സിവില്‍ ഏവിയേഷന്‍ വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ കരിപ്പൂരില്‍ എത്തിയിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ബ്ലാക്‌ബോക്‌സ് സുരക്ഷിതമായി അവര്‍ക്ക് കണ്ടെടുക്കാനായി.
വിമാനം പറക്കുമ്പോഴും ലാന്റ് ചെയ്യുമ്പോഴുമുള്ള എല്ലാ നീക്കങ്ങളും ബ്ലാക് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങുന്നതിന് മുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നെന്നും വേഗത എത്രയായിരുന്നെന്നും കണ്ടെത്താം. പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയത്തെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നോ എന്നും അറിയാം.
പൈലറ്റിന് കാലാവസ്ഥയെ കുറിച്ചും ലാന്റിംഗ് സാഹചര്യത്തെ കുറിച്ചും എ.ടി.സിയില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നോ എന്ന് ബ്ലാക് ബോക്‌സ് പരിശോധനയില്‍ വ്യക്തമാകും.
