ന്യൂഡല്‍ഹി: ഹഥ്രസ് കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദലിതരെ അടിച്ചമര്‍ത്താനും സമൂഹത്തില്‍ അവരുടെ ‘സ്ഥാനം’ കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സര്‍ക്കാറിെന്റ നീക്കം ലജ്ജാകരമാണ്. അത്തരം വിദ്വേഷ ചിന്തകള്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വീറ്ററിലാണ് രാഹുല്‍ യു.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.
”ഇന്ത്യയുടെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. യാഥാര്‍ഥ്യങ്ങള്‍ അടിച്ചമര്‍ത്തിയ ശേഷം ശവസംസ്കാരത്തിനുള്ള അവകാശവും അവളുടെ കുടുംബത്തില്‍ നിന്ന് അപഹരിക്കപ്പെട്ടു. ഇത് അധിക്ഷേപകരവും അനീതിയുമാണ്.” -രാഹുല്‍ ട്വീറ്റ് ചെയ്തു.
”ദലിതരെ അടിച്ചമര്‍ത്താനും സമൂഹത്തില്‍ അവരുടെ ‘സ്ഥാനം’ കാണിക്കാനുമുള്ള യു.പി സര്‍ക്കാറിെന്റ നീക്കം ലജ്ജാകരമാണ്. വിദ്വേഷകരമായ ഈ ചിന്തക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം.” -മറ്റൊരു ട്വീറ്റില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ഈ മാസം 14നാണ് യു.പിയിലെ ഹഥ്രസില് 20വയസുള്ള ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാഴ്ചയോളം മരണവുമായി മല്ലിട്ട പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ പൊലീസ് സംസ്കരിക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് പാടത്തിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ നാലു പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി 10.10ഓടെയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനല്‍കിയത്.
നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടര്‍ന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്. തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.
