മറയൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തൊന്‍പതുകാരനും സഹായിയും പിടിയില്‍. മറയൂര്‍ മേലാടി സ്വദേശി മണികണ്ഠന് (19), ബാബുനഗര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ നിഖില്‍ (23) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയ നിഖിലിന്റെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 10.30-ന് മറയൂരില്‍നിന്ന് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി മുരുകന്മല പട്ടതലച്ചി ഭാഗത്തെത്തിച്ച് മണികണ്ഠന് പീഡിപ്പിച്ചതായാണ് പൊലീസ് കേസ്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുന്നതുകണ്ട് മുരുകന്‍മലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്തംഗത്തെയും കുട്ടിയുടെ അമ്മയെയും അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പൊലീസില്‍ വിവരമറിയിച്ചശേഷം പാമ്ബാറിന്റെ തീരത്ത് അന്വേഷണം നടത്തുമ്ബോള്‍ പെണ്‍കുട്ടിയെ പാമ്ബാറ്റില് ഒരു തുരുത്തിലെ പാറയിടുക്കില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് പെണ്‍കുട്ടിയെ കൈമാറി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ മറയൂരില്‍നിന്ന് പിടികൂടി. പ്രതികളെ ബുധനാഴ്ച തൊടുപുഴ പോക്സോ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച രാത്രിയില്‍ പെണ്‍കുട്ടിയില്‍നിന്ന് ദേവികുളം മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി.
