കൊച്ചി: മലയാള ചലചിത്രപ്രേമികള്‍ക്ക് ഒച്ചേറെ ജനകീയ സിനിമകള്‍ നല്‍കിയ തിരക്കഥാകൃത്ത് ടി.എ.റസാഖ് (58) നിര്യാതനായി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകീട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി അമൃതയില്‍ ചികില്‍സയിലായിരുന്നു.
കാല്‍നൂറ്റാണ്ടിലേറെയായി മലയാള ചലചിത്ര രംഗത്ത് സജീവമായിരുന്ന റസാഖ് സംസ്ഥാന സര്‍ക്കാരിന്റേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കഥാകൃത്ത്,തിരക്കഥാകൃത്ത്,ഗാനരചയിതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചു.
1991 ല്‍ പുറത്തിറങ്ങിയ വിഷ്ണുലോകമാണ് ശ്രദ്ധേയമായ ആദ്യചിത്രം. തുടര്‍ന്ന് അനശ്വരം,നാടോടി,ഭൂമിഗീതം,എന്റെ ശ്രീകുട്ടിക്ക്, ഉത്തമന്‍, ആയിരത്തില്‍ ഒരുവന്‍,ഗസല്‍,കര്‍മ,കാണാക്കിനാവ്,താലോലം,ചിത്രശലഭം,സ്‌നേഹം,സാഫല്യം,പെരുമഴക്കാലം തുടങ്ങിയ സിനിമകള്‍ക്ക് കഥയും തിരക്കഥയുമെഴുതി. മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവര്‍ നായകരായി എത്തിയ റസാഖ് സിനിമകള്‍ ഒരു കാലഘട്ടത്തില്‍ മലയാളസിനിമയിലെ വിജയമന്ത്രമായി. ആകാശം എന്ന ചിത്രത്തിലെ മാനത്ത് ചന്ദിരനുണ്ടോ എന്ന റസാഖ് രചിച്ച ഗാനം പ്രശസ്തി നേടി. ഈ വര്‍ഷം പുറത്തിറങ്ങിയ ആറാംനാള്‍ ഞായറാഴ്ച എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത് റസാഖ് ത്‌ന്നെയാണ്.
കാണാക്കിനാവ്,ആയിരത്തില്‍ ഒരുവന്‍,പെരുമഴക്കാലം എന്നിവക്ക് സംസ്ഥാന സര്‍ക്കാരിന്റെ ചലചിത്ര അവാര്‍ഡുകള്‍ ലഭിച്ചു.മൃതദേഹം ഇന്ന് സ്വദേശമായ കൊണ്ടോട്ടി തുറക്കലില്‍ പൊതുദര്‍ശനത്തിന് ശേഷം ഖബറടക്കും.1958 ഏപ്രില്‍ 25നു് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലിലാണ് റസാഖിന്റെ ജനനം. പിതാവ് ടി.എ ബാപ്പു. മാതാവു് വാഴയില്‍ ഖദീജ. കൊളത്തൂര്‍ എ.എം.എല്‍.പി സ്‌ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ്സു് മുതല്‍ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിര്‍വ്വഹിച്ചു. വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു് തുടക്കം കുറിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ഗുമസ്തനായിരുന്നു.
എ.ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായി സിനിമയിലെത്തി. ആദ്യ തിരക്കഥ ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു് (1977) മികച്ച കഥക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമക്കു് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന് 2002ലെ മികച്ച കഥക്കുള്ള സംസ്ഥാന ആവാര്‍ഡ്, അനില്‍ ബാബു സംവിധാനം ചെയ്ത ഉത്തമന് മകച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. 2004ലെ മികച്ച സാമൂഹ്യ പ്രസക്തയുള്ള വിഷയത്തിനു് നാഷണല്‍ അവാര്‍ഡ്, കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിന് 2004ലെ മികച്ച കഥക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, കഥക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച തിരക്കഥ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ.ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, അമൃത ടി വി അവാര്‍ഡ് എന്നിവ ലഭിച്ചു.
